'മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പ്രസവ ശസ്ത്ര ക്രിയ; മാതാവിനും കുഞ്ഞിനും ദാരുണാന്ത്യം, സംഭവം മുംബൈയിലെ ആശുപത്രിയില്‍
മുംബൈ: മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പ്രസവ ശസ്ത്രക്രിയ. ഒടുവില്‍ മാതാവിനും കുഞ്ഞിനും ദാരുണാന്ത്യം. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന ആശുപത്രിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം.
ഭിന്നശേഷിക്കാരനായ ഖുസ്രുദ്ദീന്‍ അന്‍സാരിയുടെ 26 കാരിയായ ഭാര്യ സാഹിദുവും കുഞ്ഞുമാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം മരണത്തിന് കീഴടങ്ങിയത്.
പ്രസവത്തിനായിട്ടാണ് സാഹിദുവിനെ സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമില്‍ പ്രവേശിപ്പിച്ചത്. 11 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. സാഹിദൂനെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച സമയത്ത് വൈദ്യതി നിലച്ചെന്നും മൂന്ന് മണിക്കൂറോളം ജനറേറ്റര്‍ ഓണാക്കിയില്ലെന്നും കുടുംബം ആരോപിച്ചു.
'എന്റെ മരുമകള്‍ പൂര്‍ണ്ണമായും ആരോഗ്യവതിയായിരുന്നു. അവള്‍ക്ക് ഒന്‍പത് മാസമായിരുന്നു. എല്ലാ പരിശോധനകളും നടത്തി തൃപ്തികരമായ റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഏപ്രില്‍ 29 ന് രാവിലെ 7 മണിക്ക് അവര്‍ അവളെ പ്രസവത്തിനായി കൊണ്ടുപോയി. ദിവസം മുഴുവനും ലേബര്‍ റൂമിലായിരുന്നു. രാത്രി എട്ടു മണിവരെ ഒരു കുഴപ്പവുമില്ലായിരുന്നു. പ്രസവം സാധാരണ നിലയിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നെ, സാഹിദൂനെ കാണാന്‍ ചെന്നപ്പോള്‍ രക്തത്തില്‍ കുളിച്ചിരിക്കുന്നതായി കണ്ടു'' അന്‍സാരിയുടെ മാതാവ് പറഞ്ഞു. ''അവര്‍ ഒരു മുറിവുണ്ടാക്കി അവള്‍ക്ക് ശാരീരിക പ്രശ്‌നമുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പറഞ്ഞ് സമ്മതപത്രത്തില്‍ ഒപ്പിടാനായി ആവശ്യപ്പെട്ടു. ആ സമയത്താണ് കറന്റ് പോയത്. മറ്റൊരു ആശുപത്രിയിലേക്ക് പോകാനും സമ്മതിച്ചില്ല. അവര്‍ ഞങ്ങളെ ഓപ്പറേഷന്‍ തിയേറ്ററില്‍ കൊണ്ടുപോയി ഫോണ്‍ ടോര്‍ച്ചിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി.കുഞ്ഞ് മരിച്ചപ്പോള്‍ അമ്മ രക്ഷപ്പെടുമെന്ന് ഡോക്ടര്‍ പറഞ്ഞു. അവര്‍ ഞങ്ങളെ സിയോണ്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തു. പക്ഷേ അപ്പോഴേക്കും സാഹിദൂ മരിച്ചിരുന്നു. ഓക്‌സിജനും ഉണ്ടായിരുന്നില്ല'' അന്‍സാരിയുടെ മാതാവ് വ്യക്തമാക്കി.
കുടുംബാംഗങ്ങള്‍ ദിവസങ്ങളായി ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. ഒടുവില്‍ ബിഎംസി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
'എനിക്ക് നീതി വേണം, ഡോക്ടര്‍മാര്‍ ശിക്ഷിക്കപ്പെടണം, ആശുപത്രി പൂട്ടണ. ഞാനൊരു ഭിന്നശേഷിക്കാരനാണ്. തുച്ഛമായ വരുമാനമേ എനിക്കുള്ളൂ. വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ വിവാഹം കഴിച്ചത്. എന്റെ ജീവിതം നശിച്ചു'' അന്‍സാരി പറഞ്ഞു.
സാഹിദും കുഞ്ഞും മരിച്ച ശേഷവും വൈദ്യുതിയില്ലാതെ മറ്റൊരു പ്രസവം നടത്തിയെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. സെല്‍ഫോണ്‍ ടോര്‍ച്ചിന്റെ സഹായത്തോടെ ഇതേ ഓപ്പറേഷന്‍ തിയറ്ററില്‍ മറ്റൊരു പ്രസവം നടക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും വീട്ടുകാര്‍ പുറത്തു വിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."