ഓണ്‍ലൈന്‍ ആപ്പ് വഴി 25 കോടി രൂപ തട്ടി;മുഖ്യപ്രതി അറസ്റ്റില്‍
മൈ ക്ലബ് ട്രേഡ്‌സ് എന്ന ഓണ്‍ലൈന്‍ ആപ്പ് ഉപയോഗിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നായി 25 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പൊലിസ് പിടിയില്‍. മുഹമ്മദ് ഫൈസലിനെയാണ് കേസില്‍ തൃശൂര്‍ സിറ്റി പൊലിസ് അറസ്റ്റ് ചെയ്തത്.കേസിലെ പ്രതികള്‍ എം.സി.ടി ആപ്ലിക്കേഷന്‍ വഴി ലഭിച്ച ഡോളര്‍ 'എമെര്‍ കോയിനി'ലേക്ക്? (Emer coin -ക്രിപ്‌റ്റോ കറന്‍സി) മാറ്റാന്‍ എറണാകുളത്തുള്ള ഫ്ലാറ്റിൽ എത്തിയതറിഞ്ഞ് ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തി. ഫ്‌ലാറ്റില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് ഫൈസല്‍ ഗുണ്ടകളെക്കൊണ്ട് പൊലീസിനെ ഫോണില്‍ വിളിച്ച് അവിടെനിന്നും പോയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ തൃശൂര്‍ ജില്ലയില്‍ മാത്രം 28 കേസുണ്ട്. കേരളത്തിലെ മറ്റുപല പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.
പ്രൊമോഷന്‍ ക്ലാസ് നടത്തിയും ഗൂഗിള്‍ മീറ്റ് വഴിയും ആളുകളെ ആകര്‍ഷിച്ച് നിക്ഷേപം സ്വീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
തട്ടിപ്പില്‍ വീഴുന്നവരുടെ ഫോണില്‍ എം.സി.ടി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരിച്ച് നല്‍കാമെന്ന് പറഞ്ഞ് പണമായി വാങ്ങുകയാണ് ചെയ്തിരുന്നത്. പണം നിക്ഷേപിക്കുമ്പോള്‍ ആളുകളുടെ മൊബൈല്‍ ഫോണില്‍ പണത്തിന് തുല്യമായ നിരക്കിന്റെ ഡോളര്‍ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്. 2021ല്‍ എം.സി.ടിയുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ എം.സി.ടി എന്ന പേര് മാറ്റി 'ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് (എഫ്.ടി.എല്‍), 'ഗ്രോണ്‍ ബക്‌സ്' എന്നിങ്ങനെ ആക്കിയിരുന്നു.
കേസ് പിന്‍വലിക്കാന്‍ പണം നിക്ഷേപിച്ചവരുടെ മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷനില്‍ കാണുന്ന ഡോളറിന് പകരമായി എമെര്‍ കോയിന്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇപ്പോഴും തട്ടിപ്പ് തുടരുന്നതെന്ന പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."