സന്നദ്ധ പ്രവര്‍ത്തനം: കുട്ടികളില്‍ മൂല്യങ്ങള്‍ വളര്‍ത്താന്‍ ബോധവത്കരണം
ഷാര്‍ജ: ഷാര്‍ജ ബുക് അതോറിറ്റി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മെയ് 12 വരെ നടത്തി വരുന്ന ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലിന്റെ 15-ാമത് എഡിഷനില്‍ സന്നദ്ധ പ്രവര്‍ത്തന അവബോധം. കുട്ടികളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് രൂപകല്‍പന ചെയ്ത ചിത്രീകരണങ്ങള്‍ ഉള്‍പ്പെടെ, കുട്ടികള്‍ക്കായി വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളും മെറ്റീരിയലുകളുമാണ് ഷാര്‍ജ അവാര്‍ഡ് ഫോര്‍ വളണ്ടറി വര്‍ക് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
സന്നദ്ധ പ്രവര്‍ത്തനത്തിലും സാമൂഹിക സേവനത്തിലും അഭിനിവേശമുള്ള തലമുറയെ പരിപോഷിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഷാര്‍ജ അവാര്‍ഡ് ഫോര്‍ വളണ്ടറി വര്‍ക്കിന്റെ പങ്കാളിത്തമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിമ മൂസ അല്‍ ബലൂഷി അഭിപ്രായപ്പെട്ടു. കുട്ടികളുമായി ഇടപഴകാന്‍ നേരിട്ടുള്ള വേദിയൊരുക്കുന്നതിനാല്‍, വളണ്ടിയര്‍ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാനും യുവതലമുറയില്‍ അതിന്റെ മൂല്യങ്ങള്‍ വളര്‍ത്താനുമുള്ള സന്ദേശം ഫലപ്രദമായി അറിയിക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കായി ആകര്‍ഷക ഉള്ളടക്കത്തിന്റെ ഒരു ശ്രേണി അവരുടെ പ്രസിദ്ധീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് അല്‍ ബലൂഷി വിശദീകരിച്ചു. വിദ്യാഭ്യാസപരവും ബോധവത്കരണപരവുമായ മത്സരങ്ങള്‍ പോലുള്ള സംവേദനാത്മക പ്രവര്‍ത്തനങ്ങളാല്‍ കുട്ടികളുടെ താല്‍പര്യം ആകര്‍ഷിക്കാനാണ് ഈ മെറ്റീരിയലുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."