ജർമനിയിൽ താമസിക്കാനും ജോലി നേടാനും സുവർണാവസരം; ഓപ്പർച്യൂണിറ്റി കാർഡിന് അപേക്ഷിക്കാം
വിദേശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയിസാണ് ജർമനി. നിലവിൽ യുകെയിലും കാനഡയിലും ഒക്കെ വലിയ നിയന്ത്രണങ്ങളാണ്. കുടിയേറ്റ നിയമങ്ങളും ഈ രാജ്യങ്ങളിൽ കർശനമാക്കിയിട്ടുണ്ട്. ഇങ്ങനെ മറ്റു രാജ്യങ്ങളിൽ ഒട്ടേറെ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ജർമനിയിൽ അവ കുറവാണ്. ഒപ്പം വലിയ തൊഴിലവസരങ്ങളാണ് ജർമ്മനി തുറന്നിടുന്നതും.
ജർമ്മനി 'ഓപ്പർച്യൂണിറ്റി കാർഡ്' എന്നപേരിൽ പുതിയൊരു പദ്ധതി പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ്.
സർക്കാർ പുറത്തിറക്കുന്ന ഔദ്യോഗിക കാർഡ് പുറത്തു വരുന്നതോടെ രാജ്യത്ത് താമസിച്ച് ജോലി നേടാനുള്ള അവസരമാണ് കുടിയേറ്റക്കാർക്ക് കൈവരുന്നത്. രാജ്യം നേരിടുന്ന തൊഴിലാളി ക്ഷാമത്തിന് പരിഹാരമായാണ് ജർമ്മനി കാർഡ് പുറത്തിറക്കുന്നത്. ഒരു വർഷമാണ് ഇതിന്റെ കാലാവധി. കാർഡ് മുഖേന തൊഴിൽ അന്വേഷകർക്ക് രാജ്യത്ത് താമസിക്കാനും സാധിക്കും. ഭാഷാപ്രാവീണ്യമാണ് അപേക്ഷകർക്കുള്ള ചെറിയ വെല്ലുവിളി.
ജർമൻ അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണമെന്നത് നിർബന്ധമാണ്. ഇതുകൂടാതെ പോയിന്റ് സംവിധാനവുമുണ്ട്. പ്രായം, വിദ്യാഭ്യാസം, പ്രസ്തുത തൊഴിൽ മേഖലയിലുള്ള പരിചയം, ജർമനിയിലെ ജീവിതപങ്കാളി തുടങ്ങിയ ഘടകങ്ങൾ പോയിന്റ് നിർണ്ണയിക്കുന്നതിൽ പങ്കു വഹിക്കും. അവസാന ഘട്ടത്തിൽ നേടുന്ന പോയിന്റിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കുടിയേറ്റക്കാർക്ക് പ്രവേശനം നൽകുന്നത്. ജർമനിയിൽ ഇനി താമസിക്കുവാൻ സ്ഥിരം ജോലി നിർബന്ധമെന്ന് വ്യവസ്ഥയുമുണ്ടാവില്ല. ഒരു നിശ്ചിത കാലയളവിലേക്കുള്ള താമസത്തിന് ഈ കാർഡ് മതിയാവും. ഒപ്പം മറ്റ് പാർടൈം ജോലിക്കുള്ള അനുമതിയും ഇതിലൂടെ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."