സാമ്പിള്‍ നല്കാന് വിസമ്മതിച്ചെന്ന്; ഒളിമ്പിക്സ് മെഡല്‍ ജേതാവ് ബജ്റംഗ് പുനിയക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്റംഗ് പൂനിയയ്ക്ക് സസ്പെന്ഷന്. പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് സസ്പെന്‍ഡ് ചെയ്തത്. ട്രയല്‍സില്‍ ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് സാമ്പിള്‍ നല്കാന് വിസമ്മതിച്ചതാണ് നടപടിക്ക് കാരണം. മാര്‍ച്ച് 10നാണ് പൂനിയയോട് സാമ്പിള്‍ നല്കാന് ആവശ്യപ്പെട്ടത്.
മാര്‍ച്ചില്‍ സോനിപത്തിലാണ് ട്രയല്‍സ് നടന്നത്. യൂറിന്‍ സാമ്പിള്‍ നല്കാന് പൂനിയ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഹിത് കുമാറിനെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ സാമ്പിള്‍ നല്‍കാതെ പൂനിയ ട്രയല്‍സ് നടന്ന സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തില്‍ നിന്ന് വേദി വിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സസ്പെന്ഷന് പിന്‍വലിക്കുന്നത് വരെ പൂനിയയ്ക്ക് ഒരു ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാനാകില്ലെന്നും വിചാരണയില്‍ കുറ്റങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ ഒളിമ്പിക്സിനുള്ള വരാനിരിക്കുന്ന ട്രയല്‍സിലും പങ്കെടുക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ തോറ്റെങ്കിലും ടോക്കിയോ ഒളിമ്പിക്സിലെ മെഡല്‍ ജേതാവായതിനാല്‍ മെയ് 31 ലെ ലോക യോഗ്യതാ മത്സരത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചേക്കാം.
ബ്രിജ്ഭൂഷന്റെ ലൈംഗികാതിക്രമത്തിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിലെ സജീവ സാന്നിധ്യമായിരുന്നു പുനിയ. തനിക്ക് ലഭിച്ച പത്മശ്രീ പുരസ്ക്കാരം വരെ അദ്ദേഹം തിരിച്ചു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."