വിളിച്ചാല്‍ ഫോണെടുക്കില്ല; കൊമ്പുകോര്‍ത്ത് കെ.എസ്.ഇ.ബിയും നാട്ടുകാരും
കോഴിക്കോട്: കടുത്ത ചൂടില്‍ വെന്തുരുകുന്നതിനിടയിലും രാത്രിയിലുള്ള വൈദ്യുതി മുടക്കം ജനങ്ങളുടെ ഉറക്കംകെടുത്തുന്നു. രാത്രി എട്ടിന് ശേഷമുണ്ടാകുന്ന വൈദ്യുതി തടസമാണ് ജനങ്ങളെ ക്ഷുഭിതരാക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങളുള്ള വീട്ടുകാരെയാണ് വൈദ്യുതി തടസം ഏറെയും ബാധിക്കുന്നത്. ഇക്കാരണത്താല്‍ വൈദ്യുതി തടസമുണ്ടായാല്‍ ഉടന്‍ തന്നെ കെ.എസ്.ഇ.ബിയിലേക്ക് ഫോണ്‍ വിളിച്ചാല്‍ ഫലമുണ്ടാകാത്തതോടെ നാട്ടുകാര്‍ സംഘടിച്ച് കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് എത്തുന്ന സ്ഥിതിയാണുള്ളത്.
ഇത് പലപ്പോഴും വാക്കേറ്റത്തിനും കൈയാങ്കളിയ്ക്കും ഇടയാകുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി പന്തീരാങ്കാവ് അത്താണിയിലും സമാനമായ സ്ഥിതിയായിരുന്നു. ചൂട് കടുത്തതോടെ രാത്രിയില്‍ ഫാനും എ.സിയും പ്രവര്‍ത്തിപ്പിക്കാതെ കിടന്നുറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതിനിടെയാണ് വൈദ്യുതി തടസം നേരിടുന്നത്. അതേസമയം കെ.എസ്.ഇ.ബി ജീവനക്കാരെ ശത്രുവായി കാണരുതെന്നും പ്രശ്നം സാങ്കേതികമാണെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. വടകര ഡിവിഷനില്‍ മണിയൂര്‍, തിക്കോടി, ഓര്‍ക്കാട്ടേരി,
വടകര ബീച്ച്, ബാലുശേരി ഡിവിഷനില്‍ കൊടുവള്ളി, കോഴിക്കോട് ഡിവിഷനില്‍ നടക്കാവ് , പന്നിക്കോട്, ഫറോക്ക് ഡിവിഷനില്‍ പന്തീരാങ്കാവ്, കല്ലായ്, ഫറോക്ക്, കടലുണ്ടി എന്നീ സെക്ഷന്‍ ഓാഫീസുകളില്‍ ആളുകള്‍ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി. ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നത്. പകലും രാത്രിയും ചൂട് ഒരു പോലെ നില്‍ക്കുന്നതിനാല്‍ എസിയുടെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്.
നേരത്തേതില്‍ നിന്നും വ്യത്യസ്തമായി രാത്രി 10.30 ന് ശേഷമാണ് ഇപ്പോള്‍ പീക്ക് ഡിമാന്റ് ഉണ്ടാകുന്നത്. ഒരു പരിധി കഴിഞ്ഞും വൈദ്യുതാവശ്യം നിയന്ത്രിക്കാതിരുന്നാല്‍ ഓട്ടോമാറ്റിക്കായി വൈദ്യുതി നിലയ്ക്കും. ലോഡ് ക്രമാതീതമായി വര്‍ധിക്കുന്ന 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി വിതരണം നിലയ്ക്കും. അഞ്ച് മിനിറ്റ് നേരത്തേയ്ക്ക് ആ ഫീഡര്‍ ചാര്‍ജ്ജ് ചെയ്യാനാകില്ല കഴിഞ്ഞ ദിവസം നിരവധി പ്രദേശങ്ങളില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. വരും ദിവസങ്ങളി!ല്‍ വൈദ്യുതോപഭോഗം പരിമിതപ്പെടുത്തിയില്ലെങ്കില്‍ വീണ്ടും ഇത് സംഭവിക്കാമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."