കൊക്കോ വില കുത്തനെ ഉയർന്നിട്ടും കർഷകർക്ക് രക്ഷയില്ല; മാർക്കറ്റ് വില ലഭിക്കുന്നില്ലെന്ന് പരാതി
സുൽത്താൻബത്തേരി: കൊക്കോ കർഷകർക്ക് പ്രതീക്ഷ നൽകിയാണ് വിപണിയിൽ വില കുതിച്ചുയർന്നിരിക്കുന്നത്. എന്നാൽ യഥാർത്ഥ വിപണിവില ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ ആരോപണം. തൊണ്ടോടു കൂടിയ കൊക്കോയ്ക്ക് കിലോ 80 രൂപയും ഉണങ്ങിയ പരിപ്പിന് ആയിരം രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ വർഷം ഇതേസമയം തൊണ്ടോടു കൂടിയ കൊക്കോയ്ക്ക് 10 രൂപയും പരിപ്പിന് 180 രൂപയുമായിരുന്നു വില.
എന്നാൽ ഉയർന്ന മാർക്കറ്റ് വില കർഷകർക്ക് ലഭിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. പരിപ്പിന് 1000 രൂപ വിലയുള്ളപ്പോൾ കർഷകർക്ക് 800- 850 രൂപയേ ലഭിക്കുന്നുള്ളുവെന്നാണ് കർഷകരുടെ ആരോപണം. കൊക്കോ മാത്രം കൃഷിചെയ്യുന്ന കർഷകർ ജില്ലയിൽ വളരെ കുറവാണ്.
കവുങ്ങടക്കം കൃഷിചെയ്ത പറമ്പുകളിലാണ് കൊക്കോയും കൃഷിചെയ്തിരിക്കുന്നത്. കുരങ്ങടക്കമുള്ള വന്യമൃഗങ്ങളിൽ നിന്ന് ഇവ സംരക്ഷിക്കാനും പരിപാലിക്കാനുമായി വലിയ കഷ്ടപാടാണ് കർഷകർക്കുണ്ടാകുന്നത്. ഇതിനെയെല്ലാം അതിജീവിച്ച് വിളവെടുത്ത് കൊക്കോഉണക്കി പരിപ്പ് മാർക്കറ്റിൽ എത്തിക്കുമ്പോൾ വിപണി ലഭിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. വിപണി വില ലഭിക്കാനുള്ള നടപടി സർക്കാറിന്റെ ഭാഗത്തുനിന്ന് വേണമെന്നാണ് കർഷകരുടെ ആവശ്യം.
ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കൊക്കോയുടെ ഉൽപ്പാദനം കുറഞ്ഞതാണ് ഇത്തവണ വില ഉയരാൻ കാരണമായി പറയുന്നത്. ചോക്ലേറ്റ് ഉത്പാദനത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുവാണ് കൊക്കോ. ആഫ്രിക്കൻ രാജ്യങ്ങളിലെ വരൾച്ചയും യൂറോപ്പിലെ പരിസ്ഥിതി നിയന്ത്രണങ്ങളുമാണ് കൊക്കോ ലഭ്യത കുറച്ചത്. ഇതോടെ മാർക്കറ്റിൽ വില കുത്തനെ ഉയരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."