കന്നി യാത്രയിൽ പണിമുടക്കി നവകേരള ബസിന്റെ ഡോർ; എമർജൻസി സ്വിച്ച് ആരോ അബദ്ധത്തിൽ അമർത്തിയതെന്ന് ഗതാഗത വകുപ്പ്
കോഴിക്കോട്: കോഴിക്കോട് നിന്നും ബെംഗളുരുവിലേക്കുള്ള കന്നിയാത്രയിൽ തന്നെ പണിമുടക്കി നവകേരള ബസ്. യാത്രക്കിടെ ബസിന്റെ ഡോർ കേടായതാണ് കണി യാത്രയിലെ കല്ലുകടിയായത്. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. സുൽത്താൻ ബത്തേരിയിലെത്തിയാണ് വാതിൽ തകരാർ പരിഹരിച്ചത്.
വകേരള ഗരുഡപ്രീമിയം സർവിസ് നാലരയോടെയാണ് യാത്ര ആരംഭിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായി. ശക്തമായി കാറ്റ് ഉള്ളിലേക്ക് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് ബസിന്റെ ഡോർ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. പിന്നീട് ബത്തേരി ഡിപ്പോയിൽ എത്തിയപ്പോൾ വാതിലിന്റെ തകരാർ പരിഹരിച്ചു.
അതേസമയം, നവകേരള ബസിന്റെ വാതിൽ തകരാറായതിൽ വിശദീകരണവുമായി ഗതാഗതവകുപ്പ് രംഗത്തെത്തി. ബസിന്റെ വാതിലിന് മെക്കാനിക്കൽ തകരാർ ഇല്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എമർജൻസി സ്വിച്ച് ആരോ അബദ്ധത്തിൽ അമർത്തിയതാണ് കാരണം. പ്രശ്‌നം ഉടൻ പരിഹരിക്കാതിരുന്നത് ഡ്രൈവർമാരുടെ പരിചയക്കുറവ് കാരണമെന്നും ഗതാഗത വകുപ്പ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."