'ഇനി ഇപ്പോ കള്ളും കൂടി കംപ്യൂട്ടര്‍ വയ്ക്ക് കൊടുത്താല്‍ ..'
ഒരു വൈകുന്നേര സമയത്ത് അപ്പു ഏട്ടന്‍ പതിവുപോലെ സി.എം കോയ ഹാജി പുതുതായി നാട്ടിലെ ആലഞ്ചേരിയില്‍ തുടങ്ങിയ പീടിക തിണ്ണയിലെ തറയില്‍ കാലിലൂന്നി ഇരുന്നു പത്രം അരിച്ചു പെറുക്കി വായിക്കുകയാണ്. അങ്ങനെ വായിച്ചാലേ അപ്പു ഏട്ടനും വായിച്ച സുഖം കിട്ടൂ എന്നതാണ് വാസ്തവം.
ഇപ്പോള്‍ ലോകത്തെ എല്ലാവിധ പ്രശ്‌നങ്ങളും കാര്യങ്ങളും ഇവിടെയൊന്ന് ചര്‍ച്ചക്ക് വരാതെ പോവാറില്ല എന്നാണു അറിയാനായത്.
അപ്പു ഏട്ടന്റെ പിറകെ കെ.ടി കോയാജിയും, ലൂലിന്റെ ഉപ്പ അബോക്കറാക്കയും, ബക്കറാക്കയും, ചെമ്മീന്‍ കോയാക്കയും, പള്ളത്ത് ഹൈദ്രസാജിയും, മെയ്തി അബുക്കാക്കയും, കുഞ്ഞമ്മദാക്കയും വിഷയങ്ങള്‍ക്ക് ചൂട് കൂട്ടാന്‍ എരി തീയില്‍ എണ്ണയൊഴിക്കാനെന്ന പോലെ ആശാരി രവിയേട്ടനും അണ്ണന്‍ അഷ്‌റഫാക്കയുമൊക്കെ ഇവിടുത്തെ സജീവ ചര്‍ച്ചാ അംഗങ്ങളാണ് .
ഒരു ദിവസം ,
'പിന്നേ ഇനി കംപ്യൂട്ടറിലൂടെ കള്ളും കൂടി കൊടുത്താല്‍ കാര്യം ഉസാറായി ..എബിടെക്കാ മ്മടെ ഈ നാടിന്റെ പോക്ക് '
അണ്ണന്‍ അഷ്‌റഫാക്ക സങ്കടത്തോടെയാണോ ഇനി അതോ ഒരു വിഷയം തുടങ്ങി വെക്കാനുള്ള അജണ്ടയുടെ ഭാഗമായാണോ എന്നറിയില്ല ഇങ്ങനെ ഒരു വിഷയം പറഞ്ഞ് തുടങ്ങി.
'ഓല് വന്നാ ഒക്കെ ശരിയാവുന്നൂന്നും പറഞ്ഞു വോട്ട് കൊടുത്തോളിം ..അനുഭവിച്ചണതോ എല്ലാരും കൂടി ..എത്ര ഉസാറായ്‌രുന്നു ആ ഉമ്മന്‍ചാണ്ടിയുടെ ഭരണം ..എല്ലാം ഒലക്കമ്മലെ സരിയാക്കലായി ..'
മൂത്ത ലീഗുകാരനായ സി.എം കോയാജിക്കു അരിശം മൂത്തു.
'അതിന് ഇനിപ്പോ കള്ള് ഇല്ലാതാക്കിയത് എന്തേലും പേരും പറഞ്ഞു ഇനീം തൊടങ്ങാണല്ലോ ..അതിന്റെ പൊല്ലാപ്പാണല്ലോ ഈ കാണുന്നതൊക്കെ ..'
മെയ്തി അബുക്കാക്ക കോയാജിക്കു പൂര്‍ണ്ണ പിന്തുണ നല്‍കിയതോടെ ചര്‍ച്ചക്ക് ഉഷാര്‍ കൂടി.
'കള്ളിനെ എതിര്‍ക്കേണ്ട മ്മളെ കൗമിന്റെ പേരിലുള്ള ആ ടൂറിന്റെ മന്ത്രി മെയ്തീന്‍ തന്നെയല്ലേ കള്ളില്ലാത്തത് കൊണ്ടാണ് വേറെ രാജ്യക്കാരൊന്നും ഇങ്ങട്ടു വരാത്തതെന്നും പറഞ്ഞു നൊലോളി തുടങ്ങിയത് ..'
അണ്ണന്‍ അഷ്‌റഫാക്ക ഇടയില്‍ കയറി ഒന്നുകൂടി വിഷയം കത്തിക്കാനുള്ള ശ്രമം തുടങ്ങി.
ശ്രമം വിജയിച്ചതിനുള്ള മറുപടിയായിട്ടെന്ന പോലെ ബക്കറാക്കാന്റെ മറുപടി പെട്ടെന്ന് എത്തി..
'ആരെങ്കിലുമൊന്നു കള്ള് വേണമെന്ന് പറയാന്‍ കാത്തിരിക്കാണല്ലോ പിണറായിയും ഓന്റെ ആള്‍ക്കാരും.'
'ഇനി ഇപ്പൊ കള്ളും കൂടി കംപ്യൂട്ടര്‍ വയ്ക്കാണ് കിട്ടണതെങ്കില്‍ ചെര്‍ക്കന്മാരൊക്കെ നാല് കാലിലല്ലാതെ നോക്കണ്ടാ ..ഓലെ കജ്ജിലെ ആ ഒലക്കമ്മലെ ഫെയ്‌സുബുക്ക് കൊണ്ടും, വേറെന്താ ഒരു സാധനോം കൂടി ഉണ്ടല്ലോ ..ആ വാട്‌സ്അപ്പൂം കൂടി ഉണ്ടായതോടെ പെണ്ണ് തിരച്ചിലിന്റെ എടങ്ങേറൊന്നും ഇപ്പോ ഒരു വാപ്പാക്കും ഇമ്മാക്കുമില്ലല്ലോ ..'
സി.എം കൊയാജി തന്റെ സ്വൊതസിദ്ധമായ ശൈലിയിലങ്ങ് തകര്‍ത്തു.
'അതിന് കോയാ ..രണ്ടീസം മുന്നെ ഒരുത്തി ഓളെ മറ്റോനെക്കൊണ്ട് കെട്ടിയോന് വിഷം കൊടുത്തു കൊന്നത് ഇജ്ജ് വായിച്ചിലേ ..ഓള്‍ക്ക് ചെറുപ്പം മുതലേ കെട്ടിയ ചെറുക്കനെക്കൊണ്ട് ലപ്പായിരുന്നത്രെ. അതിന്റെ ഇടക്കാണ് ഓള്‍ക്ക് പുതിയ ഒരു കാമുകനും കൂടി വന്നത്. ഓല് തമ്മില് കംപ്യൂട്ടറിക്കൂടി വര്‍ത്താനമൊക്കെ ഉണ്ടായിരുന്നൂത്രെ. അതൊക്കെ ഇനി കള്ളും കൂടി ഇങ്ങനെ കൊടുത്താല്‍ കൂടുകയല്ലാതെ കൊറയില്ലാ ..'
എല്ലാം മൂളി കേട്ടിരുന്ന കെ.ടി കോയാക്കയുടെ പെട്ടെന്നുള്ള പ്രതികരണത്തെ എല്ലാവരും 'ശരിയാണ് ' എന്ന
നിലക്ക് അംഗീകരിച്ചു.
പെട്ടെന്ന് മദ്‌റസയില്‍ നിന്ന് മഗ്‌രിബിക്ക് പള്ളിയിലേക്ക് പോവുന്ന മൊല്ലാക്ക ഉസ്താദിനെ കണ്ടപ്പോള്‍ എല്ലാവരും ബഹുമാനാര്‍ഥം ഇരുന്നിടത്തു നിന്നൊന്നു പൊങ്ങി ഇരുന്നു.
'അസ്സലാമുഅലൈകും .. എന്താ ഒരു ചര്‍ച്ച'എന്ന് സ്‌നേഹത്തോടെ ചിരിച്ചുകൊണ്ട് ചോദിച്ചു മൊല്ലാക്ക ഉസ്താദ് പതിവ് പോക്ക് പോയി.
'അല്ലാ ..ഈ കംപ്യൂട്ടര്‍ വഴിക്ക് കള്ള് കൊടുക്കുന്നത് ഇങ്ങള് പറയുന്നത് പോലെയൊന്നുമല്ല, ഇങ്ങള് കരുതിയത് ചെല്ലുന്നോര്‍ക്കെല്ലാം കൊടുക്കുമെന്നാണോ .. അങ്ങനെയൊന്നുമില്ല ..അത് മൊതലാളിമാര്‍ക്കു മാത്രം നല്ല പൈസ കൊടുത്താലേ വാങ്ങാന്‍ പറ്റു ..'
ആശാരി രവിയേട്ടന്‍ ഇവരുടെ വാദത്തിന് എതിരെ വാദിച്ചപ്പോള്‍ ..,
'ഏതു മൊതലാളിമാര്‍ക്കാണെന്ന് പറഞ്ഞാലും ഇവിടെ കള്ളിന്റെ കാര്യത്തില്‍ ആരെങ്കിലും കായിന്റെ വലിപ്പം നോക്കാറുണ്ടോ. കള്ള് കിട്ടുന്ന വജ്ജ് നോക്കാറല്ലേ പതിവ്. ആ വാദമൊക്കെ നിര്‍ത്തിക്കളാ രവിയേ എന്ന് ലൂലിന്റെ ഉപ്പ അബോക്കറാക്ക രവിയേട്ടന്റെ വാദത്തെ എതിര്‍ത്ത് വാദിച്ചു .'ഏതായാലും ഇനി പൂട്ടിച്ചത് ഒന്നും തുറക്കാതെ ഇപ്പോള്‍ തൊറക്കണതും കൂടി പൂട്ടിച്ചാനുള്ള വജ്ജ് നോക്കാണ് വേണ്ടത്. അല്ലാതെ പുടിച്ചീലും വലുതാണ് മടയിലുള്ളതെന്ന പോലെ കംപ്യൂട്ടര്‍ വഴിക്കൊന്നും കള്ള് കൊടുക്കുകയല്ല വേണ്ടത് എന്ന് പളളത്ത് ഹൈദ്രസ്സാജിയാര് പറയുമ്പോഴാണ് പള്ളിയില്‍ നിന്ന് മഗ്‌രിബ് ബാങ്ക് കേള്‍ക്കുന്നത്. രവിയേട്ടന്‍ അമ്മിനിക്കാട് കുന്നിന്‍മുകള്‍ ടൗണിലേക്കും ബാക്കിയുള്ളവര്‍ പള്ളിയിലേക്കും പോയി. ഇങ്ങനെ ഇവിടെ തെരുവ് നായ ശല്യത്തെക്കുറിച്ചും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചര്‍ച്ച വരെ നടക്കുന്നുണ്ട്.
ധാര്‍മിക സംസ്‌കാരം വരെ അവതാളത്തിലേക്ക് കൂടുതല്‍ കൂപ്പുകുത്താവുന്ന ഇത്തരം ഒരു അഭിപ്രായം തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ലജ്ജാകരമാണ്. സാധാരണക്കാര് പോലും വലിയ ആധിയോടെയാണ് ഇടത് സര്‍ക്കാരിന്റെ ഇപ്പോഴുള്ള മദ്യ നയത്തിലെ തകിടം മറിച്ചിലിനെ നോക്കിക്കാണുന്നത്. ഇടതു സര്‍ക്കാരിന്റെ മദ്യനയമായ മദ്യ വര്‍ജ്ജനം മദ്യം തിരിച്ചൊരു തവണ കൊണ്ടു വന്നിട്ടേ വര്‍ജ്ജിക്കല്‍ പ്രക്രിയ സാധിക്കുകയുള്ളൂ എന്ന ന്യായമായ ഒരു ചോദ്യം എല്ലാവരിലും അവശേഷിക്കുന്നുണ്ട് എന്ന് 100 ദിവസം തികയ്ക്കുന്ന സര്‍ക്കാര്‍ വിസ്മരിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."