ഇഴഞ്ഞുനീങ്ങി സിറ്റി സൈക്കിള്‍ സവാരി
കോഴിക്കോട്: നഗര കാഴ്ചകളിലേക്കൊരു സൈക്കിള്‍ സവാരിയെന്ന ലക്ഷ്യവുമായി കോര്‍പറേഷന്‍ ആവിഷ്‌കരിച്ച സിറ്റി സൈക്കിള്‍ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. 2022 ഓഗസ്റ്റില്‍ പ്രഖ്യാപിച്ച പദ്ധതി 2024 ഫെബ്രുവരിയോടെ യാഥാര്‍ഥ്യമാകുമെന്നായിരുന്നു കോര്‍പറേഷന്റെ ഉറപ്പ്. എന്നാല്‍ പല വാര്‍ഡുകളിലും ഷെഡുകളുടെ നിര്‍മാണം പോലും പൂര്‍ത്തിയായില്ല. കരാറുകാരെ കിട്ടാത്തതും ചില വാര്‍ഡുകളില്‍ ഷെഡ്ഡിനുള്ള സ്ഥലം ലഭിക്കാത്തതുമാണ് തിരിച്ചടിയായത്. നഗരത്തിലെ മലിനീകരണവും തിരക്കു കുറയ്ക്കാനും നഗരകാഴ്ചകള്‍ അടുത്തു കാണാനും നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും കുറഞ്ഞ നിരക്കില്‍ സൈക്കിള്‍ ലഭ്യമാക്കുകയെന്ന പദ്ധതിയാണ് ആദ്യഘട്ടം തന്നെ താളംതെറ്റിയത്.
ബേപ്പൂര്‍, പുതിയറ, മാറാട്, ചെലവൂര്‍, ആഴ്ചവട്ടം, സരോവരം ഉള്‍പ്പെടെ പത്ത് കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൈക്കിള്‍ ഷെഡുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചെലവൂര്‍, എരഞ്ഞിപ്പാലം, മാറാട്, നെയ്ത്തുകുളങ്ങര എന്നിവിടങ്ങളില്‍ മാത്രമാണ് പദ്ധതി തുടങ്ങിയത്. മറ്റ് വാര്‍ഡുകളിലേക്കുള്ള 120 സൈക്കിളുകള്‍ കൈമാറിയെങ്കിലും ഷെഡ്ഡില്ലാത്തതിനാല്‍ അവ വാര്‍ഡുകളില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
ഓരോ ഷെഡ്ഡിലും 20 സൈക്കിളുകള്‍ക്കാണ് സൗകര്യം ഒരുക്കേണ്ടത്.
ഷെഡ്ഡിനോടു ചേര്‍ന്ന് അറ്റകുറ്റപ്പണിക്കുള്ള സജ്ജീകരണവും ഏര്‍പ്പെടുത്തണം. ആദ്യഘട്ടം വിജയിക്കുകയാണെങ്കില്‍ രണ്ടാംഘട്ടത്തില്‍ 65 സൈക്കിള്‍ ഷെഡുകള്‍ പണിയാനായിരുന്നു തീരുമാനം. എല്ലാവര്‍ക്കും നഗര സവാരിയ്ക്ക് സൈക്കിള്‍ ഉപയോഗിക്കാമെങ്കിലും പ്രധാനമായും സ്ത്രീകളെ ലക്ഷ്യമാക്കിയായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. വാര്‍ഡുകളില്‍ 2.5 ലക്ഷം രൂപാ ചെലവിലാണ് ഷെഡ് നിര്‍മിക്കുന്നത്.
കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരോ വാര്‍ഡിലും കുടുംബശ്രീ അംഗത്തിനാണ് സൈക്കിള്‍ ഷെഡിന്റെ ചുമതല. പദ്ധതിയില്‍ നിന്ന് കിട്ടുന്ന വരുമാനം പൂര്‍ണമായും അവര്‍ക്കുള്ളതാണ്. രാവിലെ ആറുമുതല്‍ പത്ത് വരെയും വൈകിട്ട് നാലുമുതല്‍ ഏഴുവരെയും സൈക്കിള്‍ ഉപയോഗിക്കാം. പൊതു അവധി ഉള്‍പ്പെടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.
ആദ്യ ഒരു മണിക്കൂറിന് 20 രൂപയും രണ്ടു മണിക്കൂറിന് 30 രൂപയും മൂന്നു മണിക്കൂറിന് 40 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 15 രൂപ അധിക നിരക്കും നല്‍കണം. ഇതിനായി മൊബൈല്‍ ആപ്പും ജി.പി.എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."