സര്‍ക്കാരിന്റെ ദ്രോഹനടപടി: എക്സിബിഷന്‍ മേഖല പ്രതിസന്ധിയില്‍
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത മാനദണ്ഡങ്ങള്‍ കാരണം കേരളത്തിലെ എക്സിബിഷന്‍ മേഖല പ്രതിസന്ധിയില്‍. സര്‍ക്കാര്‍ ഗ്രൗണ്ടുകളുടെ ഭീമമായ വാടകയും നികുതിയും താല്‍ക്കാലിക ബില്‍ഡിങ് പെര്‍മിറ്റ് ഫീസ് വര്‍ധനയുമെല്ലാം ഈ മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. വേനലവധിക്കാലത്ത് ചെറുതും വലുതുമായി ഏകദേശം നാല്‍പതോളം എക്സിബിഷനുകളാണ് കേരളത്തില്‍ നടന്നുവന്നിരുന്നത്. ഇതില്‍ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുമായി അവസാനിപ്പിച്ചിരിക്കുകയാണ്. കടബാധ്യതയില്‍ അകപ്പെട്ട തങ്ങള്‍ കേരളം വിടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് നടത്തിപ്പുകാര്‍ പറയുന്നു.
ലക്ഷക്കണക്കിന് പേരുടെ ഉപജീവന മാര്‍ഗമായ മേഖലയാണ് സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ട് കേരളത്തില്‍ ഇല്ലാതാവുന്നതെന്ന് കേരള സ്റ്റേറ്റ് എക്സിബിഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ ഭാരവാഹികള്‍ പറയുന്നു.
18 ശതമാനം ജി.എസ്.ടിക്ക് പുറമേ 10 ശതമാനം വിനോദ നികുതി കൂടി സര്‍ക്കാര്‍ ഈടാക്കി തുടങ്ങിയപ്പോള്‍ പ്രതിസന്ധി വര്‍ധിച്ചു. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം കരകയറി വന്ന മേഖലയാണ് താങ്ങാവുന്നതിലധികമുള്ള ചെലവുകള്‍ കാരണം തകര്‍ച്ചയിലേക്ക് പതിക്കുന്നത്. നടത്തിപ്പുകാരായ പലരും ഇതിനകം തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്ക് ചേക്കേറി.
എക്സിബിഷനുകളും സര്‍ക്കസുകളും നടന്നിരുന്ന ഗ്രൗണ്ടുകളിലെല്ലാം കെട്ടിടങ്ങള്‍ ഉയര്‍ന്നതിനാല്‍ എക്സിബിഷന്‍ സംഘടിപ്പിക്കുവാന്‍ സ്ഥലമില്ലാതായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സഹായകരമാവേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ മേഖലയെ പാടെ അവഗണിക്കുകയാണ്.
കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ വര്‍ധിപ്പിച്ചിരിക്കുന്ന അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയെല്ലാം പ്രതിസന്ധിയുണ്ടാക്കുന്നു. ഒരു മാസത്തേക്കുള്ള പന്തല്‍ ഉള്‍പ്പെടെ കെട്ടുമ്പോള്‍ താല്‍ക്കാലിക പെര്‍മിറ്റായി 5000 രൂപയില്‍ താഴെയാണ് നേരത്തെ ഈടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ നല്‍കേണ്ട സ്ഥിതിയാണ്.
കേരളത്തില്‍ നിന്ന് സര്‍ക്കസ് മേഖല ഇല്ലാതായതുപോലെ എക്സിബിഷന്‍ മേഖലയും ചരിത്രത്തിന്റെ ഭാഗമാവുമെന്നാണ് നടത്തിപ്പുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി പല തവണ സര്‍ക്കാറിനെ സമീപിച്ചെങ്കിലും മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളതെന്ന് കേരള സ്റ്റേറ്റ് എക്സിബിഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ജോതികുമാര്‍ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് അടുത്തമാസം സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിന് ഒരുങ്ങുകയാണ് സംഘടന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."