എ.ടി.എം തട്ടിപ്പ്: പ്രതിയെ കോവളത്ത് എത്തിച്ച് തെളിവെടുത്തു
കോവളം: തിരുവനന്തപുരത്തെ എ.ടി.എം തട്ടിപ്പ് കേസിലെ പ്രതിയായ റൊമാനിയന്‍ സ്വദേശി ഇലി ഗബ്രിയേല്‍ മരിയാനെ കോവളത്തെത്തിച്ച് തെളിവെടുത്തു.
പ്രതികള്‍ താമസിച്ച കോവളം സമുദ്രാ ബീച്ചിലെ സ്വകാര്യ ഹോട്ടല്‍, സിം വാങ്ങിയ കോവളം ജങ്ഷനിലെ മൊബൈല്‍ ഷോപ്പ് എന്നിവിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.എ.ടി.എം തട്ടിപ്പില്‍ പങ്കാളികളായ നാലു വിദേശികളും കോവളത്തെ സ്വകാര്യ ഹോട്ടലില്‍ പത്ത് ദളവസത്തോളം താമസിച്ചതായും ഇതിനിടയില്‍ മൂന്ന് പ്രാവശ്യം സന്ദര്‍ശനം നടത്തിയ ശേഷമാണ് മൊബൈല്‍ ഷോപ്പില്‍നിന്ന് വ്യാജ സിമ്മും ചാര്‍ജറും തരപ്പെടുത്തിയതെന്നും ഇതിനായി 6000 രൂപ കടക്കാരന് നല്‍കിയെന്നും ഇലി ഗബ്രിയേല്‍ സമ്മതിച്ചതായി പൊലിസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ നെയ്യാറ്റിന്‍കര ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള മൊബൈല്‍ ഷോപ്പ് ഉടമ രഞ്ജിത്തിനടുത്തും എത്തിച്ചു. അവിടെവച്ച് ഇരുവരില്‍നിന്നും പൊലിസ് വിവരങ്ങള്‍ ആരാഞ്ഞു. ഇതിനുശേഷം വൈകുന്നേരം നാലുമണിയോടെയാണ് കോവളത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള കോവളത്തെ മൊബൈല്‍ ഷോപ്പില്‍നിന്ന് മണികണ്ഠന്‍ എന്നയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ വ്യാജ സിം തരപ്പെടുത്തിയത്. കോവളം എസ്.ഐ ജി.അജയകുമാര്‍, ക്രൈം വിങ് എസ്.ഐമാരായ സി.പിയൂസ്, ദിനേശ് എന്നിവര്‍ തെളിവെടുപ്പിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."