കെട്ടടങ്ങാതെ ഉത്തേജക മരുന്ന് വിവാദം: ബജ്റംഗ് പുനിയക്ക് അന്താരാഷ്ട്ര ഗുസ്തി സംഘടനയുടെ വിലക്ക്
ഇന്ത്യൻ ഗുസ്തി താരം ബജ്റംഗ് പുനിയക്ക് അന്താരാഷ്ട ഗുസ്തി സംഘടനയുടെ വിലക്ക്. അടുത്തിടെ നാഡയുടെ വിലക്ക് വന്നതിന് പിന്നാലെയാണ് പുനിയക്ക് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഫെഡറേഷന്റെ വിലക്കും ലഭിച്ചത്. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിച്ചതിനെത്തുടർന്നായിരുന്നു നേരത്തേ നാഡ ബജ്റംഗിനെ താത്കാലികമായി സസ്പെൻഡ് ചെയ്തത്. പിന്നാലെയാണ് യു.ഡബ്ല്യു.ഡബ്ല്യു.വിൻ്റെ വിലക്ക് വന്നത്. ഈവർഷം അവസാനംവരെ വിലക്ക് നിലനിൽക്കും.
സസ്പെൻഷനെക്കുറിച്ച് യു.ഡബ്ല്യു.ഡബ്ല്യു. വിൽനിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും എന്നാൽ അവരുടെ ഔദ്യോഗിക രേഖകളിൽ തന്നെ സസ്പെൻഡ് ചെയ്തതായുള്ള വിവരങ്ങളുണ്ടെന്നും ബജ്റംഗ് പുനിയ വ്യക്തമാക്കി. 2024 ഡിസംബർ 31 വരെയാണ് സസ്പെൻഷൻ. അതേസമയം അന്താരഷ്ട്ര ഗുസ്തി ഫെഡറേഷൻ്റെ വിലക്ക് താരത്തിൻ്റെ ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങളുടെ കാര്യം അവതാളത്തിലാക്കും. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയാറാകാത്തതിനെത്തുടർന്ന് ഏപ്രിൽ 23നാണ് ബജ്റംഗിനെ നാഡ സസ്പെൻഡ് ചെയ്തത്.
സാമ്പിൾ പരിശോധനയ്ക്ക് നൽകാൻ വിസമ്മതിച്ചിട്ടില്ലെന്നും എന്നാൽ സാമ്പിളെടുക്കാൻ കൊണ്ടുവന്ന കിറ്റ്കാലഹരണപ്പെട്ടതായിരുന്നെന്നുമാണ് ബജ്റംഗ് പുനിയയുടെ വാദം. ഇക്കാര്യത്തിൽ ഡോപ്പ് കൺട്രോൾ ഓഫിസറോട് വിശദീകരണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പുനിയ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."