സംസ്ഥാനത്തെ ആശുപത്രികളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന; 1810 നിയമലംഘനങ്ങള്‍ കണ്ടെത്തി
സംസ്ഥാനത്തെ ഹോസ്പിറ്റല്‍ മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന. നാലു ദിവസമായി തൊഴില്‍ വകുപ്പ് നടത്തി വന്ന പരിശോധനയില്‍ 1810 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. 110 ഹോസ്പിറ്റലുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്സ് നിയമം എന്നീ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇതിലൂടെ 34235 തൊഴിലാളികള്‍ ജോലി ചെയ്യുന്നതില്‍ 628 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതിനുപുറമേ 1182 മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ നിയമലംഘനങ്ങള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."