എയർ ഇന്ത്യ - വിസ്താര ലയനം: തിങ്കളാഴ്ച മേധാവികൾ ജീവനക്കാരെ കാണും
എയർ ഇന്ത്യയുടെയും വിസ്താരയുടെയും ലയനത്തെക്കുറിച്ച് രണ്ട് എയർലൈനുകളുടെയും മേധാവികൾ ജീവനക്കാരെ അഭിസംബോധന ചെയ്യും. മെയ് 13 ന് ആയിരിക്കും അഭിസംബോധന ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.
2022 നവംബറിൽ സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയുടെ 25.1 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്ന കരാറിന് കീഴിൽ വിസ്താരയെ എയർ ഇന്ത്യയുമായുള്ള ലയനം പ്രഖ്യാപിച്ചു. സിംഗപ്പൂർ എയർലൈൻസും ടാറ്റ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമാണ് വിസ്താര.
തിങ്കളാഴ്ച ടൗൺഹാൾ മീറ്റിംഗ് ഫിജിറ്റൽ മോഡിൽ നടക്കും. എയർ ഇന്ത്യയുടെയും വിസ്താരയിലെയും ജീവനക്കാർ പങ്കെടുക്കും. എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ, വിസ്താര സിഇഒ വിനോദ് കണ്ണൻ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്യുമെന്ന് ഉദ്യോഗസ്ഥരിലൊരാൾ അറിയിച്ചു. നിർദിഷ്ട ലയനത്തിൻ്റെ ചീഫ് ഇൻ്റഗ്രേഷൻ ഓഫീസർ കൂടിയാണ് വിനോദ് കണ്ണൻ.
ഈ മീറ്റിംഗ് വിശാലമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജീവനക്കാരുടെ ലയനത്തെക്കുറിച്ചുള്ള മൊത്തത്തിലുള്ള ചിത്രം നൽകാൻ സഹായിക്കുമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എയർ ഇന്ത്യയ്ക്ക് ഏകദേശം 17,000 ജീവനക്കാരും വിസ്താരയിൽ 6,500 ജീവനക്കാരുമുണ്ട്.
ലയനം ഇന്ത്യയിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൻ്റെ (NCLT) അനുമതിക്കായി കാത്തിരിക്കുകയാണ്.
ഈ വർഷം മാർച്ചിൽ, സിംഗപ്പൂരിൻ്റെ മത്സര റെഗുലേറ്റർ CCCS നിർദ്ദിഷ്ട ലയനത്തിന് സോപാധികമായ അനുമതി നൽകി. 2023 സെപ്റ്റംബറിൽ, കരാറിന് ചില നിബന്ധനകൾക്ക് വിധേയമായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."