15 കോടിയുടെ ലഹരി ഗുളികകള്‍ വിഴുങ്ങിയ നൈജീരിയക്കാരന് അറസ്റ്റില്‍
മുംബൈ: 15 കോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങിയെത്തിയ നൈജീരിയന്‍ പൗരനെ മുംബൈ വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് പിടികൂടി. 1468 ഗ്രാം കൊക്കെയ്ന്‍ അടങ്ങുന്ന 77 കാപ്സ്യൂളുകള്‍ ഇയാള്‍ വിഴുങ്ങി എന്നാണ് നിഗമനം. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇയാളുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴോ ദേഹപരിശോധന നടത്തിയപ്പോഴോ ഒന്നും കണ്ടെത്താനായില്ലെങ്കിലും കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി വൈദ്യപരിശോധന നടത്തിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്. വിഴുങ്ങിയ നിലയില്‍ 77 ഗുളികകള്‍ എക്സ്റേയില്‍ കണ്ടെത്തി.
ഇവ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. വലിയ തുക കമ്മിഷനായി വാഗ്ദാനം ലഭിച്ചപ്പോള്‍ ലഹരിക്കടത്തിലേക്ക് എത്തുകയായിരുന്നെന്നാണ് ഇയാളുടെ മൊഴി. മുംബൈയിലുള്ള ഒരാള്‍ക്കു വേണ്ടിയാണ് ലഹരിമരുന്നെത്തിച്ചത്. ആളെ നേരിട്ടു പരിചയമില്ല. സുഹൃത്ത് വഴിയാണ് ലഹരിമരുന്ന് കടത്തിലേക്കെത്തിയതെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ ഒപ്പമുള്ളവരെ കുറിച്ചുള്ള തിരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."