സുമാത്രയില്‍ തണുത്ത ലാവാ പ്രവാഹം: മരണം 43 ആയി
ജക്കാര്‍ത്ത: പടിഞ്ഞാറന്‍ ഇന്തൊനേഷ്യയിലെ സുമാത്രയില്‍ അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള തണുത്ത ലാവ ഒഴുക്കിനെ തുടര്‍ന്ന് ഗ്രാമങ്ങള്‍ ഒലിച്ചുപോയി. 41പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 17 പേരെ കാണാതായി. 100ലേറെ വീടുകളും പള്ളികളും പൊതുകെട്ടിടങ്ങളും തകര്‍ന്നു. മറാപി അഗ്‌നിപര്‍വതത്തിലാണ് കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായത്. സുമാത്രയിലെ സജീവ അഗ്‌നിപര്‍വതമാണ് മറാപി.
രണ്ടു ജില്ലകളെ ഉരുള്‍പൊട്ടല്‍ ബാധിച്ചു. ശക്തമായ ഇടിയോടെയാണ് മഴ പെയ്തത്. തുടര്‍ന്നാണ് തണുത്ത ലാവാ പ്രവാഹമുണ്ടായതെന്നും ചാരവും പാറകളും ഒഴുകിയെത്തിയെന്നും പര്‍വത താഴ് വാരത്തുള്ള 43 കാരിയായ റിന ഡേവിന എന്ന സ്ത്രീ പറയുന്നു.
അഗാം ജില്ലയിലെ ചാന്ദൗഗ് ഗ്രാമത്തില്‍നിന്ന് 19 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. തനാഹ് ദാതര്‍ ജില്ലയിലെ ഗ്രാമത്തില്‍നിന്ന് 10 പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി നാഷനല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ഏജന്‍സി പറഞ്ഞു.
എന്താണ് തണുത്ത ലാവ
പൊട്ടാന്‍ തയാറായി നില്‍ക്കുന്ന അഗ്‌നിപര്‍വതങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ ചാരവും കല്ലും മണ്ണും കലര്‍ന്ന ഒഴുക്കുണ്ടാകും. ഇതിനെയാണ് തണുത്ത ലാവ എന്നു പറയുന്നത്. പൂജ്യം മുതല്‍ 100 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇതിന്റെ ചൂട് ഉണ്ടാകുക. സാധാരണ 50 ഡിഗ്രിയില്‍ താഴെയാകും ചൂട്. സജീവമായി നില്‍ക്കുന്ന അഗ്‌നിപര്‍വതങ്ങളില്‍ നിന്നാണ് തണുത്ത ലാവ പുറത്തുവരുന്നത്. ഇന്തോനേഷ്യന്‍ ഭാഷയില്‍ ലഹര്‍ എന്നാണ് ഇതിനെ വിളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."