പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനായി ലുക്കൗട്ട് നോട്ടിസ്; അന്വേഷണം ഫറോക്ക് എ.സി.പി ഏറ്റെടുത്തു
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഫറോക്ക് എസിപി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ ഏഴ് പേരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണ സംഘം ഇന്ന് തന്നെ പറവൂരിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. പ്രതി രാഹുല്‍ രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
കേസിലെ പ്രതി രാഹുല്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇത് തടയാനാണ് പൊലിസ് ലുക്കൗട്ട് നോട്ടിസ് ഇറക്കുന്നത്.
അതേസമയം, രാഹുല്‍ പി.ഗോപാല്‍ വേറെയും വിവാഹം കഴിച്ചിരുന്നതായി പൊലീസ്. ഈ വിവാഹം നിലനില്‍ക്കെയാണു പറവൂര്‍ സ്വദേശിയായ യുവതിയെ ഇയാള്‍ വീണ്ടും വിവാഹം ചെയ്തത്. രാഹുല്‍ പൂഞ്ഞാറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതായാണു പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ വിവാഹമോചനം നടപ്പാക്കാതെയാണ് അടുത്ത വിവാഹം നടത്തിയത്. എന്നാല്‍, ആദ്യം വിവാഹം ചെയ്ത പൂഞ്ഞാര്‍ സ്വദേശിയായ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണു വിവരം.
ഈ രണ്ട് വിവാഹങ്ങള്‍ അല്ലാതെ രാഹുല്‍ വേറെയും വിവാഹം കഴിച്ചുണ്ടെന്നാണു പുറത്തുവരുന്ന വിവരം. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരുകയാണ്. രാഹുലിനെതിരെ ഇന്നലെ വധശ്രമത്തിനു പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരുന്നു. ഫറോക്ക് ഡിവിഷന്‍ അസി.കമ്മിഷണര്‍ സജു കെ.ഏബ്രഹാമിന്റെ നിര്‍ദേശത്തിലാണ് കേസെടുത്തത്. പ്രതി നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രാഹുലിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ക്രൂരമായി മര്‍ദനത്തിന് ഇരയായ വിവരം പറയുന്നത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. കേസ് രജിസ്റ്റര്‍ ചെയ്തശേഷം രാഹുലിന് നോട്ടിസ് നല്‍കി പറഞ്ഞുവിടുകയായിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നില്ല. ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്നലെയാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. മര്‍ദനത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടിയെ രാഹുല്‍ മര്‍ദിച്ചത്.
അതേസമയം, രാഹുലിനു മുന്‍പ് രണ്ട് വിവാഹങ്ങള്‍ ഉറപ്പിച്ചിരുന്നെന്നും സ്വഭാവദൂഷ്യം കാരണം പെണ്‍വീട്ടുകാര്‍ പിന്‍വാങ്ങുകയായിരുന്നുവെന്നും സ്ത്രീധനത്തിന്റെ പേരില്‍ പന്തീരങ്കാവില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട യുവതിയുടെ പിതാവ് പറഞ്ഞു. രാഹുല്‍ വിവാഹ തട്ടിപ്പുകാരനാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. മുടങ്ങിപ്പോയ രണ്ട് വിവാഹാലോചനകളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പൊലീസുകാരനും രാഹുലും സുഹൃത്തുക്കളെപ്പോലെയാണ് സംസാരിച്ചതെന്നും തങ്ങള്‍ ചെല്ലുന്നതിനു മുന്‍പേ രാഹുലും കൂട്ടുകാരും അവിടെയെത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പൊലീസുകാര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു. കേസ് എറണാകുളത്തേക്കു മാറ്റണം. നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പിതാവ്. മകള്‍ക്ക് തലയ്ക്കാണു പരുക്കേറ്റത്. ബ്രഷ് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. മാനസികാഘാതത്തില്‍നിന്ന് മകള്‍ ഇനിയും കരകയറിയിട്ടില്ലെന്നും പിതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."