പ്ലസ് വണ്‍ സീറ്റ് ക്ഷാമം: എസ് കെ എസ് എസ് എഫ് പെന്‍ പ്രൊട്ടസ്റ്റ് വെള്ളിയാഴ്ച്ച
കോഴിക്കോട് : മലബാറിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ തുടര്‍ പഠനത്തിന് ആവശ്യമായ ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ (മെയ് 17 വെള്ളിയാഴ്ച) മലബാര്‍ ജില്ലകളിലെ മേഖലാ കേന്ദ്രങ്ങളില്‍ 'പെന്‍ പ്രൊട്ടസ്റ്റ് ' എന്ന പേരില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള മലബാര്‍ ജില്ലകളിലെ മേഖലാ കേന്ദ്രങ്ങളില്‍ വൈകിട്ട് 4 മണിക്ക് നടക്കുന്ന റാലിയിലും സമാപന സംഗമത്തിലും എസ്.എസ്.എല്‍.സി പാസായ ആണ്‍കുട്ടികളും പ്രവര്‍ത്തകരും അണിചേരും.
ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം നേടാന്‍ യോഗ്യതയും താല്പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്നു പഠിക്കാന്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ച് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതീകാത്മകമായി പേന ഉയര്‍ത്തിപ്പിടിച്ചാണ് ഈ സമര പരിപാടി നടക്കുക. കഴിഞ്ഞ പത്താം തീയതി വെള്ളിയാഴ്ച മലപ്പുറത്ത് നൂറുകണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ നൈറ്റ് മാര്‍ച്ച് വിദ്യാഭ്യാസ അവകാശ നിഷേധത്തിനെതിരെയുള്ള താക്കീതായി മാറിയിരുന്നു. എന്നാല്‍, ബാച്ചുകള്‍ അനുവദിച്ചുള്ള ശാശ്വത പരിഹാരത്തിന് തയ്യാറല്ല എന്ന വിദ്യാഭ്യാസ മന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനയെ തുടര്‍ന്നാണ് സംഘടന രണ്ടാംഘട്ട സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പെന്‍ പ്രൊട്ടസ്റ്റ് വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവും അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."