ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ടു മരണം; നിരവധിപേർക്ക് പൊള്ളലേറ്റു
നൂഹ്: ഹരിയാനയിലെ നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ടു പേർ മരിച്ചു. കുണ്ടലി–മനേസർ–പൽവാൾ എക്സ്പ്രസ് ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ടൂറിസ്റ്റ് ബസിലെ നിരവധിപേർക്ക് പൊള്ളലേറ്റു. ബസിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം.
ശനിയാഴ്ച പുലർച്ചെ 1.30ഓടെയാണ് സംഭവം. ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽനിന്ന് തീർഥയാത്ര കഴിഞ്ഞുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഏഴെട്ട് ദിവസമായി സംഘം വിവിധ ആത്മീയ കേന്ദ്രങ്ങളിലൂടെ യാത്ര നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം പഞ്ചാബിലെ ഒരു കുടുംബത്തിൽപ്പെട്ടവരാണ്.
ബസിൽനിന്ന് തീ ഉയരുന്നത് കണ്ട ബൈക്ക് യാത്രികൻ ബസിനെ പിന്തുടർന്ന് ഡ്രൈവറെ വിവരമറിയിച്ചപ്പോഴാണ് ബസിലുള്ളവർ ഇക്കാര്യം അറിഞ്ഞത്. ഡ്രൈവർ ബസ് നിർത്തിയെങ്കിലും പെട്ടെന്ന് തീ പടരുകയായിരുന്നു. അപ്പോഴേക്കും തീ അടിയിൽ നിന്ന് ബസിന്റെ ഉള്ളിലേക്ക് പടർന്നു കഴിഞ്ഞു. പലരും പുറത്തേക്ക് ചാടിയും മുൻവശത്തെ ഡോറിലൂടെയും രക്ഷപ്പെട്ടു. ബസിന്റെ ജനൽചില്ലകൾ തകർത്ത് പത്തോളം പേരെ രക്ഷിച്ചതായി നാട്ടുകാർ പറഞ്ഞു. പലർക്കും പൊള്ളലേറ്റിട്ടുണ്ട്.
അതേസമയം, വിവരം അറിയിച്ചിട്ടും മൂന്നു മണിക്കൂറിനുശേഷമാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥരെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."