രണ്ടുവയസുകാരി മുറിപൂട്ടി കിടന്നുറങ്ങി; പാതിരാത്രിയില്‍ നെട്ടോട്ടമോടി വീട്ടുകാര്‍
കാഞ്ഞിരപ്പള്ളി: വീടിനുള്ളിലെ മുറിയില്‍ കയറി വാതിലടച്ച് പൂട്ടി രണ്ടു വയസുകാരി കിടന്നുറങ്ങി. മുറിക്കുള്ളില്‍ കയറാനാവാതെ പരിഭ്രാന്തരായി വീട്ടുകാര്‍. ഒടുവില്‍ രക്ഷകരായി അഗ്നിരക്ഷാസേനക്കാര്‍. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാഞ്ഞിരപ്പള്ളിയിലെ സുഖോദയ റോഡിലുള്ള വീട്ടുകാര്‍ക്കാണ് 2 വയസുകാരി എട്ടിന്റെ പണികൊടുത്തത്. രാത്രി പത്തരയോടെ മുറിയില്‍ കയറി വാതിലടച്ച കുട്ടി മുറി പൂട്ടി കട്ടിലില്‍ കയറിക്കിടന്ന് സുഖമായുറങ്ങി. കതക് തുറക്കാനാവാതെ വന്നതോടെ വീട്ടുകാര്‍ പേടിച്ചു. രാത്രിയായതും കര്ട്ടന് മൂലം മുറിയിലെ കാഴ്ചകള്കാണാനാകാതെ വന്നതും വീട്ടുകാരുടെ പരിഭ്രാന്തി ഇരട്ടിപ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നേരിട്ട് കാഞ്ഞിരപ്പള്ളിയില്‍ ഫയര്‍ഫോഴ്സ് ഓഫിസിലെത്തി വിവരം ധരിപ്പിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫിസര്‍ നൗഫല്‍ പി.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി. ഇതെല്ലാം നടക്കുമ്പോഴും കുട്ടി മുറിയ്ക്കുള്ളില്‍ സുഖമായുറങ്ങുകയായിരുന്നു. അമ്മ വന്നെടുത്തപ്പോള്‍ മാത്രമാണ് കുട്ടി ഉണര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."