റഫയില്‍ ആക്രമണം വ്യാപിപ്പിക്കുമെന്ന് യു.എസിനെ അറിയിച്ച് ഇസ്റാഈല്‍
ഗാസയില്‍ അതിക്രമം തുടരാന്‍ തീരുമാനിച്ച് ഇസ്റാഈല്‍.ലക്ഷക്കണക്കിന് ഫലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ റഫയില്‍ കര, വ്യോമ ആക്രമണം വ്യാപിപ്പിക്കുമെന്നാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനോട് ഇസ്റാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചത്.
റഫയിലെ കരയുദ്ധം വിപുലീകരിക്കുന്നതിനും ഹമാസിനെ ഇല്ലാതാക്കുന്നതിനും ബന്ദികളെ വീണ്ടെടുക്കുന്നതിനും ഇസ്റാഈല്‍ പ്രതിജ്ഞാബദ്ധരാണെന്ന് കൂടിക്കാഴ്ചയില്‍ ഗാലന്റ് പറഞ്ഞു. യുദ്ധമന്ത്രിസഭയിലെ അംഗം ബെന്നി ഗാന്റ്സിന്റെ രാജി ഭീഷണിക്കിടെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
അതിനിടെ, റഫയിലെ താല്‍ക്കാലിക ടെന്റക്കളില് കഴിഞ്ഞിരുന്ന 15 ലക്ഷത്തോളം മനുഷ്യരില്‍ എട്ട് ലക്ഷത്തോളം പേര് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇവിടെ നിന്ന് പലായനം ചെയ്തതായി ഫലസ്തീനിലെ യുഎന്‍ ഏജന്‍സിയായ യു.എന്‍.ആര്.ഡബ്ല്യു.എ റിപ്പോര്‍ട്ട് ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ജീവന് അപകടത്തിലാണെന്നും സുരക്ഷിതത്വം തേടി എല്ലാം ഉപേക്ഷിച്ച് പോകാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുകയാണെന്നും യു.എന്‍.ആര്.ഡബ്ല്യു.എ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."