'അഗ്നിവീര്‍ സൈന്യത്തിന് ആവശ്യമില്ല, ഇന്‍ഡ്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ പദ്ധതി ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിടും' രാഹുല്‍ ഗാന്ധി
മഹേന്ദ്രഗഡ്: എന്‍ഡി.എ സര്‍ക്കാറിന്റെ അഗ്നിവീര്‍ പദ്ധതിക്കെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഗ്നിവീര്‍ പദ്ധതി സൈന്യത്തിന് ആവശ്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍ഡ്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അഗ്‌നിവീര്‍ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതി റദ്ദാക്കി ചവറ്റുകുട്ടയില്‍ എറിയുമെന്നും അദ്ദേഹം തുറന്നടിച്ചു. ഹരിയാനയില്‍ നടന്ന തന്റെ ആദ്യ തെരഞ്ഞെടുപ്പ് യോഗത്തിലാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമര്‍ശനം.
''ഇത് മോദിയുടെ പദ്ധതിയാണ്, സൈന്യത്തിന്റെ പദ്ധതിയല്ല. സൈന്യത്തിന് അത് വേണ്ട. പിഎംഒ (പ്രധാനമന്ത്രിയുടെ ഓഫീസ്) ആണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.ഇന്‍ഡ്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ഞങ്ങള്‍ അഗ്‌നിവീര്‍ പദ്ധതി ചവറ്റുകുട്ടയിലിടും, ഞങ്ങള്‍ അത് വലിച്ചുകീറും''മഹേന്ദ്രഗഡ്ഭിവാനി ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ അതിര്‍ത്തികള്‍ ഹരിയാനയിലെയും രാജ്യത്തെയും യുവാക്കളാല്‍ സുരക്ഷിതമാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ യുവാക്കളുടെ ഡിഎന്‍എയില്‍ ദേശസ്‌നേഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സൈനികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികളാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്ത് രണ്ട് തരം സൈനികരുണ്ടാവും. പെന്‍ഷനും രക്തസാക്ഷി പദവിയും ഉള്‍പെടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സാധാരണ സൈനികരും ഓഫിസര്‍മാരും. പിന്നെ അഗ്നിവീര്‍. ഇവര്‍ക്ക് രക്തസാക്ഷി പദവിയോ പെന്‍ഷനോ എന്തിന് കാന്റീന്‍ സൗകര്യങ്ങള്‍ പോലും ലഭിക്കില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷകരുടെ വിഷയത്തിലും ഗാന്ധി മോദിയെ കടന്നാക്രമിച്ചു. മോദി സര്‍ക്കാര്‍ 22 വ്യവസായ പ്രമുഖരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നും എന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നില്ലെന്നും അത് അവരെ നാശത്തിലേക്ക് തള്ളിവിടുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
'കര്‍ഷകരെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനുമായി ഞങ്ങള്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ കൊണ്ടുവന്നിരുന്നു, എന്നാല്‍ മോദി സര്‍ക്കാര്‍ അത് റദ്ദാക്കി. അവര്‍ മൂന്ന് ബ്ലാക്ക് ഫാം നിയമങ്ങള്‍ കൊണ്ടുവന്നു, കര്‍ഷകര്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നു,' രാഹുല്‍ പറഞ്ഞു.
ജൂണ്‍ 4 ന് ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരുമ്പോള്‍ ഹരിയാനയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ പറഞ്ഞു. അദാനിഅംബാനി എന്നിവരില്‍ നിന്ന് കോണ്‍ഗ്രസ് പണം കൈപ്പറ്റിയെങ്കില്‍ എന്തുകൊണ്ട് മോദി സര്‍ക്കാരിന് ഒരു അന്വേഷണ ഏജന്‍സി ഇല്ലേയെന്നും രാഹുല്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."