സ്വന്തം ശമ്പളത്തിൽ നിന്ന് കോടികൾ വെട്ടിക്കുറച്ച് വിപ്രോ ഉടമ; കാരണം ഇതാണ്...
ലോകത്തിലെ തന്നെ മികച്ച കമ്പനികളിലൊന്നായ വിപ്രോയുടെ എക്‌സിക്യുട്ടീവ് ചെയർമാൻ റിഷാദ് പ്രേംജിയുടെ ശമ്പളം വെട്ടിക്കുറച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ തന്റെ വാർഷിക ശമ്പളത്തിന്റെ 20 ശതമാനത്തോളമാണ് റിഷാദ് പ്രേംജി വെട്ടിക്കുറച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് സ്വന്തം ശമ്പളത്തിൽ അദ്ദേഹം കുറവ് വരുത്തുന്നത്. വിപ്രോയുടെ വളർച്ചയിൽ ഉണ്ടായ ഇടിവിനെ തുടർന്നാണ് സ്വന്തം ശമ്പളത്തിൽ കുറവ് വരുത്തിയിരിക്കുന്നത്.
ശമ്ബളത്തിന് പുറമെ അദ്ദേഹത്തിന് അർഹതയുള്ള കമ്മീഷൻ നൽകേണ്ടെന്നും തീരുമാനമായിട്ടുണ്ട്. ഇൻക്രിമെൻ്റൽ ഏകീകൃത അറ്റാദായത്തിൽ 0.35 ശതമാനം കമ്മീഷനായി പ്രേംജിക്ക് അർഹതയുണ്ട്. എന്നാൽ അത് അറ്റാദായം കുറവായതിനാൽ ഇതിന്റെ കമ്മീഷനൊന്നും നൽകേണ്ടതില്ലെന്ന് കമ്പനി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിലെ ഫയലിംഗിൽ പറഞ്ഞു.
2023-24 സാമ്പത്തിക വർഷം റിഷാദ് പ്രേംജി തന്റെ വാർഷിക ശമ്പളത്തിൽ നഷ്ടപരിഹാര പാക്കേജ് ഉൾപ്പെടെ 20 ശതമാനം ആണ് വെട്ടിക്കുറച്ചത്. ഏകദേശം 6.5 കോടി രൂപ വരും ഈ തുക. നേരത്തെ, 2022-23ൽ 7.9 കോടി രൂപയും ശമ്പളത്തിൽ നിന്ന് വെട്ടിക്കുറച്ചിരുന്നു. 692,641 ഡോളർ ആണ് പ്രേംജിയുടെ നിലവിലെ ശമ്പളമെന്നാണ് വിവരം. ഇതിനു പുറമെ ഏകീകൃത അറ്റാദായത്തിന്റെ 0.35 ശതമാനം റിഷാദ് പ്രേംജിക്ക് വിപ്രോ നൽകും.
വിപ്രോയുടെ വളർച്ച മന്ദഗതിയിലായ സാഹചര്യത്തിലാണ് ശമ്പളം വെട്ടിക്കുറയ്ക്കുന്നത്. 2024 ജൂൺ 30-ന് അവസാനിക്കുന്ന ആദ്യ പാദത്തിൽ കമ്പനിയുടെ വരുമാന മാർഗ്ഗനിർദ്ദേശം (-) 1.5 ശതമാനത്തിനും 0.5 ശതമാനത്തിനും ഇടയിലാണ്. 2019ൽ ആണ് റിഷാദ് പ്രേംജിയെ വിപ്രോയുടെ ചെയർമാനായി അഞ്ച് വർഷത്തേക്ക് നിയമിച്ചത്. അടുത്ത അഞ്ച് വർഷത്തേക്ക്, അതായത് 2029 ജൂലൈ 30 വരെ അദ്ദേഹത്തെ ചെയർമാനായി നിയമിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, വിപ്രോ മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ തിയറി ഡെലാപോർട്ട് 2024 സാമ്പത്തിക വർഷത്തിൽ 20 മില്യൺ ഡോളറിലധികം (ഏകദേശം 166 കോടി രൂപ) പ്രതിഫലം വാങ്ങി. ഐടി വ്യവസായത്തിൽ തുടർച്ചയായി രണ്ടാം വർഷവും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ ആണ് അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."