അവശനിലയില്‍ കണ്ടെത്തിയ കലമാന്‍ ചത്തു
വടക്കാഞ്ചേരി: അകമല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപമുള്ള പൊന്തക്കാട്ടില്‍ കണ്ടെത്തിയ പശുക്കുട്ടിയുടെ വലുപ്പമുള്ള ഭീമന്‍ കലമാനിന്റെ (മ്ലാവ്) ജീവന്‍ രക്ഷിക്കാനുള്ള ശ്രമം വിഫലം. മരുന്നുകളോട് പ്രതികരിക്കാതിരുന്ന മാനിന്റെ ശരീരമാസകലം മുറിവേറ്റ നിലയിലും ഒരു കൊമ്പും, കാലിലെ കുളമ്പും നഷ്ടപ്പെട്ട നിലയിലുമായിരുന്നു.
ഒരു കണ്ണിന്റെ കാഴ്ചശക്തിയും ഇല്ലാത്ത സ്ഥിതിയായിരുന്നു. ഏകദേശം 15 വയസ് പ്രായമുള്ള മാനിന് വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് അവശത ഉണ്ടായിട്ടുള്ളതെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. അവശത പരിഹരിക്കാന്‍ മുള്ളൂര്‍ക്കരയില്‍ നിന്നെത്തിയ വെറ്ററിനറി ഡോക്ടര്‍ ആന്റി ബയോട്ടിക് മരുന്നുകളും ഗ്ലൂക്കോസും നല്‍കിയെങ്കിലും അത് വിജയിച്ചില്ല. ബ്ലോക്ക് ഓഫിസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കെട്ടിയിട്ടാണ് ചികിത്സ നല്‍കിയിരുന്നത്. വനപാലകരുടെ കാവലും ഏര്‍പ്പെടുത്തിയിരുന്നു. മ്ലാവ് രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൊണ്ടയില്‍ നീരു കെട്ടിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടാല്‍ വനത്തില്‍ തുറന്ന് വിടാനായിരുന്നു പദ്ധതി. ഇതിനിടയിലാണ് മാന്‍ ചത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വനത്തില്‍ സംസ്‌ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."