ഗുജറാത്തില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ ഹിന്ദുത്വവാദികള്‍ തല്ലിക്കൊന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ പശുക്കടത്ത് ആരോപിച്ച് തീവ്ര ഹിന്ദുത്വവാദികള്‍ യുവാവിനെ തല്ലിക്കൊന്നു. 40 കാരനായ മിശ്രിഖാന്‍ ബലോച്ച് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. കാലിക്കച്ചവടക്കാരനായ ഖാന്‍, കന്നുകാലികളെ ചന്തയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അഞ്ചംഗ അക്രമിസംഘം ഇദ്ദേഹത്തെ മര്‍ദിച്ച് കൊന്നത്. കൂടെയുണ്ടായിരുന്ന ഹുസൈന്‍ ഖാന്‍ ഓടിരക്ഷപ്പെട്ടു.
എന്നാല്‍, സംഭവത്തിന് പിന്നിലെ വര്‍ഗീയ, ഗോരക്ഷാസേനാ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തള്ളിയ പൊലിസ് മുന്‍വൈരാഗ്യത്തിന്റെ ഭാഗമായാണ് കൃത്യമെന്നാണ് പറയുന്നത്. കൊലപാതകം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം എന്നീ സ്വാഭാവിക കുറ്റങ്ങള്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ പൊലിസ് ചുമത്തിയത്.
അഖിരാജ് സിങ്, പര്‍ബത് സിങ് വഗേല, നികുല്‍സിങ്, ജഗത്സിങ്, പ്രവിന്‍സിങ്, ഹമീര്‍ഭായ് താക്കൂര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ ജഗത്‌സിങ്ങിനെയും ഹമീര്‍ഭായിയെയും പൊലിസ് കസ്റ്റഡിയിലെടുത്തതായും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. 2023 ജൂലൈയില്‍ പോത്തുകളെ കൊണ്ടുപോകുകയായിരുന്ന വ്യാപാരിയെ ആക്രമിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതുള്‍പ്പെടെ അഖിരാജിനെതിരെ ഹൈക്കോടതിയില്‍ വിവിധ കേസുകളുണ്ട്. എന്നാല്‍ ഈ കേസുകളില്‍ തെളിവില്ലെന്ന് പറഞ്ഞ് ഇയാള്‍ക്കെതിരായ ശിക്ഷ റദ്ദാക്കുകയായിരുന്നു കോടതി.
ഗുജറാത്തുള്‍പ്പെടെയുള്ള ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞ് കന്നുകാലി വ്യാപാരികളില്‍നിന്ന് പണം തട്ടുന്ന ക്രിമിനല്‍ സംഘങ്ങള്‍ വ്യാപകമാണ്. പണം നല്‍കുന്നവരെ പോകാന്‍ അനുവദിക്കും. എന്നാല്‍ വിസമ്മതിക്കുന്നവരെ ക്രൂരമായി മര്‍ദിക്കുകയുംചെയ്യും. തന്റെ സഹോദരനോടും പിക്കപ്പ് ട്രക്ക് ഡ്രൈവറോടും അക്രമികള്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതായി മിശ്രി ഖാന്‍ ബലോച്ചിന്റെ സഹോദരന്‍ ഷേര്‍ഖാന്‍ ആരോപിച്ചു.
ഗോവധം ആരോപിച്ചുള്ള കൊലപാതകങ്ങള്‍ തടയേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രതികളെ കര്‍ശനമായി ശിക്ഷിക്കണമെന്നും പലതവണ സുപ്രിംകോടതിയുടെ നിര്‍ദേശമുണ്ടെങ്കിലും, ആ വഴിക്കുള്ള നടപടികള്‍ കേസില്‍ കൈക്കൊള്ളാത്തത് വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."