HOME
DETAILS

കുട്ടികളെ കടത്തുന്ന സംഘം ഹൈദരാബാദില്‍ പിടിയിലായി; രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി, 13 കുട്ടികളെ രക്ഷപ്പെടുത്തി

  
May 28 2024 | 16:05 PM

in hyderabad police busts gang who supplied 50 children from pune delhi rescues 13 babies


കുട്ടികളെ കടത്തുന്ന സംഘത്തിലുള്ളവര്‍ ഹൈദരാബാദില്‍ അറസ്റ്റിലായി. 13 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. 4 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളും സംഘത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിക്ക് രണ്ടു മാസമാണ് പ്രായം. 8 സ്ത്രീകളടക്കം 11 പേരെ രാച്ചകൊണ്ട പൊലീസ് അറസ്റ്റു ചെയ്തു. 

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശോഭാ റാണി എന്ന വനിത അറസ്റ്റിലായതോടെയാണ് സംഘത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്. ഇവര്‍ 4.50 ലക്ഷം രൂപയ്ക്ക് ഒരു കുട്ടിയെ വില്‍പന നടത്തിയിരുന്നു. ഡല്‍ഹി, പുണെ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് കുട്ടികളെ എത്തിച്ചിരുന്നത്.


''കുട്ടികള്‍ പാവപ്പെട്ട വീടുകളിലുള്ളവരാണ്. 1.8 ലക്ഷം മുതല്‍ 5.5 ലക്ഷം രൂപയ്ക്കു വരെയാണ് കുട്ടികളെ വില്‍പന നടത്തിയിരുന്നത്. രണ്ടു മാസം മുതല്‍ രണ്ടു വയസുവരെ പ്രായമുള്ളവര്‍ കുട്ടികളുടെ കൂട്ടത്തിലുണ്ട്' - പൊലീസ് പറഞ്ഞു. 

അറസ്റ്റിലായവരെല്ലാം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഉള്ളവരാണ്. ഡല്‍ഹിയിലും പുണെയിലുമുള്ള 3 പേരാണ് കുട്ടികളെ സംഘത്തിനു നല്‍കിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. നിയമപ്രശ്‌നങ്ങള്‍ കാരണം ദത്തെടുക്കലിനു കാത്തിരിക്കാന്‍ മനസില്ലാത്ത ദമ്പതികള്‍ക്കാണ് കുട്ടികളെ നല്‍കിയിരുന്നത്. കുട്ടികളെ ശിശുക്ഷേമ വകുപ്പിന് കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."