മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളമില്ല; ദിവസ വേതനക്കാരായ അധ്യാപകര്‍ ദുരിതത്തില്‍
എടച്ചേരി: മാസങ്ങള്‍ പിന്നിട്ടിട്ടും ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാതെ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ് കേരളത്തിലെ ഒരു കൂട്ടം അധ്യാപകര്‍. വിവിധ ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും അംഗീകൃത സ്വകാര്യ സ്‌കൂളുകളിലും സൃഷ്ടിക്കപ്പെടുന്ന അധിക തസ്തികകളിലേക്കാണ് ദിവസ വേതന നിരക്കില്‍ അധ്യാപകരെ നിയമിക്കുന്നത്.സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിതരാവുന്ന അധ്യാപകര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ശമ്പളം ലഭിക്കുമ്പോള്‍ സ്വകാര്യ അംഗീകൃത വിദ്യാലയങ്ങളില്‍ ചേരുന്ന അധ്യാപകര്‍ക്കാണ് പ്രയാസം നേരിടേണ്ടി വരുന്നത്.
ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് ദിവസം 155 രൂപ വച്ചാണ് ശമ്പളം നല്‍കുന്നത്. എന്നാല്‍ ഇവരില്‍ പലര്‍ക്കും മാസങ്ങള്‍ കഴിഞ്ഞാലും ശമ്പളം ലഭിക്കാത്ത അവസ്ഥയിലാണ്.ഇത്തരത്തില്‍ ദിവസക്കൂലിക്ക് ചേരുന്ന അധ്യാപകരുടെ അപേക്ഷകള്‍ വിവിധ വിദ്യാഭ്യാസ ഉപ ജില്ലകളില്‍ നിന്നും യഥാസമയം പരിഗണിച്ച് തീര്‍പ്പ് കല്‍പിക്കാത്തതാണ് ശമ്പളം വൈകുന്നതിന് പ്രധാന കാരണം എന്നാണ് അധ്യാപകര്‍ പറയുന്നത്.ഒരു അധ്യയന വര്‍ഷം പിന്നിട്ട് അടുത്ത അധ്യയന വര്‍ഷം ആരംഭിച്ചാല്‍ പോലും ശമ്പളം ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ നൂറു കണക്കിന് അധ്യാപകരാണ് ഇത്തരത്തില്‍ ശമ്പളം കിട്ടാതെ ദുരിതത്തില്‍ ആവുന്നത്. സ്‌കൂളുകളില്‍ വര്‍ഷാവര്‍ഷം വരുന്ന അധിക തസ്തികകളില്‍ നിയമിതരാവുന്ന ഇത്തരം അധ്യാപകരുടെ അപേക്ഷകള്‍ 15 ദിവസത്തിനകം സമന്വയ എന്ന സൈറ്റിലൂടെ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍ ഇവരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതിനും, പരിശോധിക്കുന്നതിനും ഒരു പ്രത്യേക കാലഗണന ഇല്ലെന്നുള്ളതാണ് ഇക്കൂട്ടരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്.
സാധാരണഗതിയില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളില്‍ ലഭിക്കുന്ന മറ്റു അപേക്ഷകള്‍ മുഴുവനായി പരിഗണിച്ചതിനു ശേഷം മാത്രമേ ഇവരുടെ അപേക്ഷകള്‍ പരിഗണിക്കാറുള്ളൂ.സ്‌കൂള്‍ തുറന്ന് ആദ്യ ദിവസം തന്നെ ഈ വ്യവസ്ഥയില്‍ ചേരുന്ന ഒരു അധ്യാപകന്റെ അപേക്ഷ പരിഗണിക്കുന്നത് പലപ്പോഴും എട്ടും ഒന്‍പതും മാസങ്ങള്‍ പിന്നിട്ടാവും. ഇത്തരത്തില്‍ വളരെ വൈകി അപേക്ഷ പരിഗണക്കുമ്പോഴും എന്തെങ്കിലും അപാകതകള്‍ കണ്ടെത്തി ഓഫീസുകളില്‍ നിന്നും നിരസിക്കാറുമുണ്ട്.ഇത് വീണ്ടും തിരികെ സമര്‍പ്പിക്കുമ്പോഴേക്കും ആ അധ്യയന വര്‍ഷം അവസാനിച്ചിരിക്കും.
ഫലത്തില്‍ യാതൊരു വരുമാന മാര്‍ഗ്ഗവുമില്ലാതെ സ്വന്തം കയ്യില്‍ നിന്നും കാശ് ചെലവാക്കി സ്‌കൂളിലെത്തുന്ന ഇത്തരം അധ്യാപകര്‍ക്ക് അവര്‍ ചെയ്ത ജോലിയുടെ ശമ്പളം ലഭിക്കാന്‍ വൈകുന്നത് തെല്ലൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്.തങ്ങളുടെ നിയമന അപേക്ഷകള്‍ യഥാസമയം പരിശോധിക്കുകയും അപാകതകളുണ്ടെങ്കില്‍ അറിയിക്കുകയും ഏറെ വൈകാതെ ശമ്പളം ഭ്യമാക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍നിന്ന് ഉണ്ടാവുകയും വേണമെന്നാണ് ഇവരുടെ ന്യായമായ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."