ഇത്തവണ കേന്ദ്രം 'ഇന്‍ഡ്യ' ഭരിക്കും; ഡി.ബി ലൈവ് എക്‌സിറ്റ് പോള്‍ ഇങ്ങനെ, സംസ്ഥാനതലത്തിലെ കണക്കുകള്‍ അറിയാം
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം സര്‍വേ ഏജന്‍സികളും പ്രവചിച്ചത്. 350ലേറെ സീറ്റുകള്‍ എന്‍.ഡി.എ നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ 'ഇന്‍ഡ്യാ' മുന്നണിയുടെ വിജയം പ്രവചിച്ചിരിക്കുകയാണ് ഡി.ബി ലൈവ് എക്‌സിറ്റ് പോള്‍. ദേശബന്ധു ന്യൂസ് പേപ്പറിന്റെ ഡിജിറ്റല്‍ ചാനലാണ് ഡി.ബി ലൈവ്.
എന്‍.ഡി.എ 250ല്‍ താഴെ സീറ്റില്‍ ഒതുങ്ങുമെന്നും ഇന്‍ഡ്യ മുന്നണി അധികാരത്തിലേറുമെന്നുമാണ് ഡി.ബി ലൈവ് ന്യൂസ് ചാനല്‍ നടത്തിയ എക്‌സിറ്റ് പോള്‍ പറയുന്നത്.
207 മുതല്‍ 241 വരെ സീറ്റ് മാത്രമാണ് എന്‍.ഡി.എക്ക് പ്രവചിക്കുന്നത്. അതേസമയം, ഇന്‍ഡ്യക്ക് 255 മുതല്‍ 290 സീറ്റ് വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു.
സംസ്ഥാന തലത്തില്‍ പ്രവചനം ഇങ്ങനെ
കടുത്ത മത്സരമാണ് ഉത്തര്‍പ്രദേശില്‍ പ്രവചിക്കുന്നത്. 46-48 വരെ എന്‍.ഡി.എക്ക് സാധ്യത കല്‍പിക്കുമ്പോള്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ശക്തമായി അങ്കത്തിനിറങ്ങിയ ഇന്‍ഡ്യാ മുന്നണിക്ക് 32-34 വരെ സീറ്റുകള്‍ ഡി.ബി ലൈവ് സാധ്യത കല്‍പിക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്‍ഡ്യാ മുന്നണിക്ക് 28-30 സീറ്റ് ആണ് പ്രവചനം. 18-20 സീറ്റ് മാത്രമാണ് എന്‍.ഡി.എക്ക് ലഭിക്കുമെന്ന് പറയുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നണിക്ക് വന്‍ നേട്ടമാണ് പറയുന്നത്. 18-20 സീറ്റ് സഖ്യം നേടുമ്പോള്‍ 8-10 സീറ്റ് മാത്രമാണ് എന്‍.ഡി.എക്ക് സാധ്യത. ബിഹാറിലും ഇന്‍ഡ്യാ സഖ്യത്തിനാണ് സാധ്യത ചൂണ്ടിക്കാട്ടുന്നത്. 24-26 സീറ്റ് വരെ. അതേസമയം 18-20 സീറ്റില്‍ മാത്രമാണ് എന്‍.ഡി.എ ജയിക്കുക എന്നും ഡി.ബി ലൈവ് എക്‌സിറ്റ് പോള്‍ പറയുന്നു.
നേരത്തെ കോണ്‍ഗ്രസ് ഭരിച്ച് പിന്നീട് കൈവിട്ടു പോയ മധ്യപ്രദേശും രാജസ്ഥാനും ഇത്തവണയും ഇന്‍ഡ്യാ മുന്നണിയെ തുണക്കില്ല. മധ്യപ്രദേശില്‍ എന്‍.ഡി.എക്ക് വമ്പന്‍ ജയമാണ് ഡി.ബി ലൈവ് പ്രവചിക്കുന്നത്. 24-26 വരെ സീറ്റില്‍. കോണ്‍ഗ്രസ് കഷ്ടിച്ച് 3-5 സീറ്റ് നെടുമെന്നും ഇവര്‍ പറയുന്നു. രാജസ്ഥാനില്‍ എന്‍.ഡി.എ 17-19ഉം ഇന്‍ഡ്യ മുന്നണി 6-8 സീറ്റിലൊതുങ്ങും. ബംഗാളില്‍ മമതയുടെ തൃണമൂല്‍ 26-28 വരെ സീറ്റുകള്‍ നേടുമ്പോള്‍ എന്‍.ഡി.എ 11-13 സീറ്റില്‍ ഒതുങ്ങും.
തമിഴ്‌നാട്ടില്‍ 39ല്‍ 39ഉം ഇന്‍ഡ്യ നേടുമെന്നാണ് ഡി.ബി ലൈവ് എക്‌സിറ്റ് പോളില്‍ പറയുന്നു. 37-39 സീറ്റാണ് പ്രവചിക്കുന്നത്. കേരളത്തിലാവട്ടെ 16-18 സീറ്റുകള്‍ യു.ഡി.എഫ് നേടും. എല്‍.ഡി.എഫ് 23 സീറ്റില്‍ ഒതുങ്ങും. ബി.ജെ.പിക്ക് പരമാവധി ഒരു സീറ്റ് മാത്രമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇങ്ങനെയാണ് സംഭവിക്കുകയെന്ന് കോണ്‍ഗ്രസ് നേതാവ് ലവ് ദത്ത എക്‌സില്‍ കുറിച്ചു.
'ഇതാണ് ജൂണ്‍ നാലിന് നിങ്ങള്‍ കാണാന്‍ പോവുന്ന ശരിയായ നമ്പര്‍. ഈ എക്‌സിറ്റ് പോള്‍ സത്യമാവും. ഇന്‍ഡ്യ മുന്നണി ജൂണ്‍ നാലിന് സര്‍ക്കാര്‍ രൂപീകരിക്കും' അദ്ദേഹം എക്‌സില്‍ കുറിച്ചു.
These are the exact numbers that you all will see on 4th June.
— Luv Datta #INC (@LuvDatta_INC) June 1, 2024
This #ExitPoll will come out to be true.#IndiaAlliance will form the Govt on the 4th of June. pic.twitter.com/SK7RpUi1Nu
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."