ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ മാധ്യമ കാരണവര്‍
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. സ്വദേശാഭിമാനി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്കര്‍ഹനായിട്ടുണ്ട്.
വാര്‍ധക്യസഹജമായ അസ്വസ്ഥതകളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ രമയുടെ മരണശേഷം ചെന്നൈയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ നടത്തിവരുന്ന വയോജന സൗഹാര്‍ദ കേന്ദ്രത്തിലേക്ക് താമസം മാറുകയായിരുന്നുവെങ്കിലും പിന്നീട് തിരുവനന്തപുരത്ത് തിരിച്ചെത്തി. ഇവിടെവച്ചാണ് മരിച്ചതും. ഏകമകള്‍ ബിന്ദു ഭാസ്‌കര്‍ കാന്‍സര്‍ ബാധിച്ച് 2019ല്‍ മരിച്ചു.
ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കര്‍ എന്ന ബി.ആര്‍.പി ഭാസ്‌കറെ അടുപ്പമുള്ളവര്‍ ബി.ആര്‍.പി എന്നാണ് വിളിച്ചിരുന്നത്. ദി ഹിന്ദു, ദി സ്റ്റേറ്റ്മാന്‍, ഡെക്കാണ്‍ ഹെറാള്‍ഡ്, പാട്രിയറ്റ്, വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐ അടക്കമുള്ള മാധ്യമസ്ഥാപനങ്ങളില്‍ 70 വര്‍ഷത്തോളം ജോലി ചെയ്ത അദ്ദേഹം, കേരളത്തിന്റെ മാധ്യമ കാരണവര്‍ ആയിരുന്നു.
നവഭാരതം പത്രം ഉടമ എ.കെ.ഭാസ്‌കറിന്റെയും മീനാക്ഷിയുടെയും മകനായി 1932 മാര്‍ച്ച് 12ന് കൊല്ലം കായിക്കരയിലാണ് ജനനം. 'നവഭാരത'ത്തില്‍ അച്ഛന്‍ അറിയാതെ അപരനാമത്തില്‍ വാര്‍ത്തയെഴുതി തുടങ്ങിയ അദ്ദേഹം പില്‍ക്കാലത്ത് ഇന്ത്യ ഒന്നടങ്കം അറിയപ്പെട്ട മാധ്യമപ്രവര്‍ത്തകനായി വളരുകയായിരുന്നു.
1952ല്‍ 'ദ ഹിന്ദു'വില്‍ ട്രെയിനിയായാണ് തുടക്കം. 1966ല്‍ യുഎന്‍ഐയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലും കശ്മീരിലും യുഎന്‍ഐയുടെ ബ്യൂറോ ചീഫായി. കശ്മീര്‍ ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കിയതിന് ബിആര്‍പിക്കെതിരേ വധശ്രമവും ഇണ്ടായി.
ഡെക്കാണ്‍ ഹെറാള്‍ഡില്‍ 1984 മുതല്‍ മാധ്യമപ്രവര്‍ത്തകനായി. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ആരംഭിച്ചപ്പോള്‍ വാര്‍ത്താ വിഭാഗം ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. 1993 മുതല്‍ തിരുവനന്തപുരത്തും 2017 മുതല്‍ ചെന്നൈയിലുമായാണ് താമസിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."