കേരളത്തില്‍ കാവിപുതച്ച് മൂന്ന് മന്ത്രി മണ്ഡലങ്ങള്‍; നേമത്തും ഒല്ലൂരും ഇരിങ്ങാലക്കുടയിലും ഒന്നാമതെത്തി ബി.ജെ.പി
തിരുവനന്തപുരം: മറ്റൊരു ലോക്സഭ തെരഞ്ഞെടുപ്പില്‍ കൂടി യു.ഡി.എഫ് അനിഷേധ്യമായ കുതിപ്പ് തുടര്‍ന്നപ്പോള്‍ മന്ത്രിമാരുടെ മണ്ഡലങ്ങള്‍ വരെ കാവിപുതയ്ക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. നാഴികയ്ക്ക് നാല്‍പത് വട്ടവും ബി.ജെ.പിയെ അകറ്റിനിര്‍ത്തുമെന്ന് പാര്‍ട്ടിയും നേതാക്കളും ആവര്‍ത്തിക്കുന്നതിനിടെയാണ് മന്ത്രി മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി ഞെട്ടിച്ചത്.
മൂന്ന് മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ ബി.ജെ.പി നേടിയ ലീഡ് പാര്‍ട്ടി വൃത്തങ്ങളെയും ഇടതുമുന്നണിയെയും വ്യാകുലപ്പെടുത്തുന്നുണ്ട്. ഇതിന് എന്തു വിശദീകരണം നല്‍കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ മണ്ഡലമായ നേമത്ത് ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖര്‍ ഒന്നാമതെത്തിയപ്പോള്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലും റവന്യൂ മന്ത്രി കെ. രാജന്റെ ഒല്ലൂരിലും സുരേഷ് ഗോപിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
നേമത്ത് 22,126 വോട്ടിന്റെ ലീഡാണ് രാജീവ് ചന്ദ്രശേഖര്‍ നേടിയത്. ശശി തരൂര്‍ 39,101വോട്ടുമായി രണ്ടാമതെത്തിയപ്പോള്‍ പന്ന്യനാകട്ടെ മൂന്നാം സ്ഥാനത്തായി. ഇരിങ്ങാലക്കുടയില്‍ 13,016 വോട്ടിന്റെയും ഒല്ലൂരില്‍ 10,363 വോട്ടിന്റെയും ലീഡാണ് സുരേഷ് ഗോപി നേടിയത്.
അതേസമയം,
21 മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ 15 ഇടത്ത് യു.ഡി.എഫാണ് ഒന്നാമത്. മന്ത്രി കെ. രാധാകൃഷ്ണന്റെ ചേലക്കര, കെ.എന്‍ ബാലഗോപാലിന്റെ കൊട്ടാരക്കര, മുഖ്യമന്ത്രിയുടെ ധര്‍മടം മണ്ഡലങ്ങള്‍ മാത്രമാണ് ഇടതിനൊപ്പം നിന്നത്. ധര്‍മടത്ത് 2,616 വോട്ടിന്റെ ലീഡ് മാത്രമേ ഇടതിന് നേടാനായുള്ളൂ.സ്പീക്കര്‍ ഷംസീറിന്റെ തലശ്ശേരി ഇടതുവശം ചേര്‍ന്നപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ തളിപ്പറമ്പ് വലത്തേയ്ക്ക് ചാഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."