ദക്ഷിണ ബംഗാളില്‍ തൃണമൂലിനെ തുണച്ചത് മുസ്‌ലിം വോട്ടുകള്‍
കൊല്‍ക്കത്ത: ദക്ഷിണ ബംഗാളിലെ ന്യൂനപക്ഷ മേഖലകള്‍ തൂത്തുവാരാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചത് മുസ്‌ലിം വോട്ടുകളെന്ന് വിലയിരുത്തല്‍. ഇവിടെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍വരെ തൃണമൂല്‍ പിടിച്ചെടുത്തിരുന്നു. 30 ശതമാനം ന്യൂനപക്ഷ വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 16 മുതല്‍ 18 വരെ ലോക്‌സഭ സീറ്റുകളില്‍ അവര്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്.
അതേസമയം, ഉത്തര ബംഗാളില്‍ ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ചത് ബി.ജെ.പിയെ സഹായിച്ചെന്നും വിലയിരുത്തലുണ്ട്.
ബാലുര്‍ഗഢ്, റായ്ഗഞ്ജ്, മാള്‍ഡ നോര്‍ത്ത് എന്നിവിടങ്ങളില്‍ ഇടത് കോണ്‍ഗ്രസ് സഖ്യവും തൃണമൂലും തമ്മിലുള്ള മത്സരത്തില്‍ വോട്ട് വിഭജിക്കപ്പെട്ടതോടെ ബി.ജെ.പി ജയിച്ചുകയറുകയായിരുന്നു.
മൂന്നിടങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ് ഇടത് കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥി നേടിയ വോട്ട്. ഇവിടങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി തോല്‍ക്കാന്‍ കാരണം ഇടത് കോണ്‍ഗ്രസ് സഖ്യമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തുന്നു. എന്നാല്‍, കുച്ച്ബിഹാര്‍ സീറ്റ് ബി.ജെ.പിയില്‍നിന്ന് തൃണമൂല്‍ പിടിച്ചെടുത്തു.
18 സീറ്റില്‍നിന്ന് 12ലേക്ക് ചുരുങ്ങിയ ബി.ജെ.പിക്ക് കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി മത്സരിച്ച തംലുക് മാത്രമാണ് പുതുതായി ലഭിച്ച മണ്ഡലം. സംസ്ഥാനത്തുടനീളം വര്‍ഗീയ ധ്രുവീകരണത്തിന് ഉയര്‍ത്തിക്കാട്ടിയ സന്ദേശ്ഖാലിയിലും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ല. സന്ദേശ്ഖാലി ഉള്‍പ്പെടുന്ന ബീഷര്‍ഹട്ട് മണ്ഡലത്തില്‍ തൃണമൂലിനാണ് വിജയം.
പൗരത്വ ഭേദഗതി വിജ്ഞാപനവും കാര്യമായ ചലനം ഉണ്ടാക്കിയില്ല. സഖ്യമായി മത്സരിച്ച സി.പി.എമ്മും കോണ്‍ഗ്രസും ഫലം വന്നപ്പോള്‍ ഒരു സീറ്റിലൊതുങ്ങി. മാള്‍ഡ ദക്ഷിണ്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഇഷ ഖാന്‍ ചൗധരിയാണ് ജയിച്ചത്. സിറ്റിങ് സീറ്റായ ബഹറാംപൂര്‍ കോണ്‍ഗ്രസിന് നഷ്ടമാവുകയും ചെയ്തു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇവിടെ തോല്‍വി ഏറ്റുവാങ്ങിയത്. ടി.എം.സിക്കുവേണ്ടി മത്സരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം യൂസുഫ് പത്താനാണ് വിജയം. സി.പി.എമ്മിനും കാര്യമായ വോട്ടുവിഹിതം ഉയര്‍ത്താനായില്ല. പാര്‍ട്ടി സെക്രട്ടറി മുഹമ്മദ് സലിം മത്സരിച്ച മുര്‍ഷിദാബാദില്‍ അഞ്ച് ലക്ഷത്തിലധികം വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്താനായെന്നതാണ് ഏക നേട്ടം.
ചോദ്യക്കോഴ ആരോപണത്തില്‍ പാര്‍ലമെന്റ് അംഗത്വം റദ്ദ് ചെയ്യപ്പെട്ട ടി.എം.സി നേതാവ് മഹുവ മൊയ്ത്ര 56,705 വോട്ടിന് കൃഷ്ണനഗറില്‍നിന്ന് വിജയിച്ചതും ബി.ജെ.പിക്ക് തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."