ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി; ബെന്നി ഗാന്റ്‌സ് രാജിവെച്ചു, നെതന്യാഹുവിന് രൂക്ഷ വിമര്‍ശനം
തെല്‍അവീവ്: ബിന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് ബെന്നി ഗാന്റ്‌സ് രാജിവെച്ചു. ബെന്നി ഗാന്റ്‌സ് തന്നെയാണ് തന്റെ രാജി പ്രഖ്യാപിച്ചത്. ഗസ്സയില്‍ ഇസ്‌റാഈല്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടന്നിരിക്കെയാണ് ബെന്നി ഗാന്റ്‌സിന്റെ രാജി.
രാജി വെച്ച ശേഷം ഗാന്റ്‌സ് നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും വെല്ലുവിളികളെ നേരിടാനും കഴിയുന്ന ഒരു സര്‍ക്കാര്‍ വരണമെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഗാന്റ്‌സ് തുറന്നടിച്ചു. യഥാര്‍ഥ വിജയത്തിലേക്ക് മുന്നേറുന്നതില്‍ നിന്ന് നെതന്യാഹു ഇസ്‌റാഈലിനെ തടയുകയാണെന്ന് ഗാന്റ്‌സ് ആരോപിച്ചു. അതിനാലാണ് യുദ്ധകാല സര്‍ക്കാരില്‍ നിന്ന് രാജിവെക്കുന്നത്. വലിയ ഹൃദയഭാരത്തോടെയാണ് തീരുമാനമെടുത്തത്.
പ്രതിഷേധം പ്രധാനമാണെന്നും എന്നാല്‍ അവ നിയമപരമായ രീതിയില്‍ വേണമെന്നും ഗാന്റ്‌സ് പറഞ്ഞു.
വിദ്വേഷം പ്രോത്സാഹിപ്പിക്കരുത്. ഇസ്‌റാഈലികള്‍ പരസ്പരം ശത്രുക്കളല്ല, നമ്മുടെ ശത്രുക്കള്‍ അതിര്‍ത്തിക്ക് പുറത്താണ്. നമുക്ക് വേണ്ടത് സത്യവും യാഥാര്‍ഥ്യബോധത്തോടെയുമുള്ള ഐക്യമാണെന്നും അല്ലാതെ ഭാഗികമായ ഐക്യമല്ലെന്നും ഗാന്റ്‌സ് വ്യക്തമാക്കി. പൊതു സമ്മതത്തോടെ തെരഞ്ഞെടുപ്പ് തീരുമാനിക്കാന്‍ താന്‍ നെതന്യാഹുവിനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗാന്റ്‌സ് വ്യക്തമാക്കി.
കഴിഞ്ഞമാസവും താന്‍ രാജി വെക്കുമെന്ന് ഗാന്റ്‌സ്ഭീഷണി മുഴക്കിയിരുന്നു.
മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആര്‍മി ജനറലുമായ ബെന്നി ഗാന്റസ് ഇസ്‌റാഈല്‍ റെസിലിയന്‍സ് പാര്‍ട്ടിയുടെ നേതാവാണ്. 2019ലും 2020ലും നടന്ന തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളിയായ ബെന്നി ഗാന്റ്‌സുമായി ചേര്‍ന്ന് നെതന്യാഹു സഖ്യസര്‍ക്കാറിന് രൂപം നല്‍കുകയായിരുന്നു.
തുടര്‍ന്ന് ബജറ്റ് പാസാക്കുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയില്‍ സര്‍ക്കാര്‍ നിലംപതിച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് ഗാന്റസിന്റെ ആവശ്യം നെതന്യാഹു നിരസിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."