ഇന്ത്യയുടെ സ്‌കോട്ട്‌ലന്‍ഡ് - കൂര്‍ഗ്, പ്രകൃതിയൊരുക്കിയ ഈ വിസ്മയം കാണാതെ പോവരുത്
മഴക്കാലം യാത്രകളുടെ കൂടി സമയമാണ്. പ്രകൃതി ഏറ്റവും സുന്ദരിയായി പച്ചയുടുത്തൊരുങ്ങി നില്‍ക്കുന്ന സമയം. പ്രകൃതി കൂര്‍ഗില്‍ ഒരുക്കിവച്ച വിസ്മയങ്ങള്‍ നയനമനോഹരവും. കാര്‍ണാടകയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് കൂര്‍ഗ്. മഴക്കാലത്താണ് വെള്ളച്ചാട്ടങ്ങള്‍ പൂര്‍ണ്ണ ശക്തിയോടെ കുതിച്ചൊഴുകുന്നത്. ഇനി നിങ്ങള്‍ സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ച് ഉയര്‍ന്ന കൊടുമുടികളിലേക്ക് ട്രെക്കിങ് നടത്താം.
ആബി വെള്ളച്ചാട്ടം
കൂര്‍ഗിലെ പ്രധാന വിനോദസഞ്ചാരങ്ങളിലൊന്നാണ് ആബി വെള്ളച്ചാട്ടം. ഇത് ജെസ്സി വെള്ളച്ചാട്ടമെന്നും അറിയപ്പെടുന്നു. മടിക്കേരി പട്ടണത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണിത്. ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ നിന്ന് കാവേരി നദിയിലേക്കു ഇതു പതിക്കുന്നു. എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ആബി വെള്ളച്ചാട്ടം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. തോട്ടങ്ങള്‍ക്കിടയിലൂടെ ഏകദേശം 200 പടികള്‍ കയറിയും എത്താം.
മല്ലല്ലി വെള്ളച്ചാട്ടം
കുടുംബവുമൊത്തും സുഹൃത്തുക്കളുമൊത്തും പോകാന്‍ ഇഷ്ടപ്പെടുന്ന കൂര്‍ഗിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായ വെള്ളച്ചാട്ടമാണ് മല്ലല്ലി വെള്ളച്ചാട്ടം. കൂര്‍ഗിലെ താലൂക്കുകളിലൊന്നായ സോംവാര്‍പേട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണിത്. പുഷ്പഗിരി കൊടുമുടിയില്‍ നിന്ന് ഏകദേശം 60 മീറ്റര്‍ ഉയരത്തില്‍ പതിക്കുന്ന കുമാരധാര നദിയാണ് മല്ലല്ലി വെള്ളച്ചാട്ടം. രാവിലെ 9 മുതല്‍ 5 വരെയുള്ള സമയത്ത് നിങ്ങള്‍ക്കിവിടെ സന്ദര്‍ശിക്കാം.
കോട്ടബെട്ട കൊടുമുടി
കൂര്‍ഗിലെ ഏറ്റവും ഉയരം കൂടിയെ മൂന്നാമത്തെ കൊടുമുടിയാണ് കോട്ടബെട്ട. ട്രക്കിങ് ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് നല്ല അവസരമാണിത്. ഹട്ടിഹോളില്‍ നിന്ന് കൊടുമുടിയിലേക്കുള്ള പത്ത് കിലോമീറ്റര്‍ കാഴ്ചകള്‍ ട്രക്കിങ് മനോഹരമാക്കുന്നു. കോട്ടബെട്ട കൊടുമുടിയിലേക്ക് ട്രക്കിങ്ങിന് അധികാരികളുടെ അനുമതി വേണ്ട.
മന്ദല്‍പട്ടി വ്യൂ പോയിന്റ്
കൂര്‍ഗിന്റെ ശാന്തതയില്‍ അതിശയകരമായ ഒരു ട്രക്കിങായിരിക്കും മന്ദല്‍പട്ടിയിലേക്കുള്ള ട്രക്കിങ്. ഇതൊന്നും ആരും മിസ് ചെയ്യരുത്. മടിക്കേരി പട്ടണത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണിത്. മഴക്കാലം അപകടസാധ്യതയുള്ളതിനാല്‍ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ട്രക്കിങിന് പറ്റിയ സമയം. യാത്രക്കാര്‍ ടിക്കറ്റെടുത്തുവേണം പോവാന്‍.
തടിയന്റമോള്‍ കൊടുമുടി
കര്‍ണാടക സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ തടിയന്റമോള്‍ ട്രക്കിങിന് പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ഡിസംബര്‍ മുതല്‍ മെയ് വരെയുളള മാസങ്ങള്‍ക്കിടിയിലാണ് ഇവിടേക്ക് ട്രക്കിങ് അനുവദിക്കുക.
നിങ്ങള്‍ക്ക് ഇവിടെ ഏതു ദിവസവും ഏതു സമയത്തും ഇവിടം സന്ദര്‍ശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."