സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; മലബാറിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരാൻ സാധ്യത. ഇന്ന് പ്രധാനമായും വടക്കൻ കേരളത്തിലാകും മഴ ശക്തമാവുക കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനാണ് സാധ്യത. മോശം കാലാവസ്ഥയുടെയും ശക്തമായ കാറ്റിന്റെയും പശ്ചാത്തലത്തിൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിലാണ് മൽസ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയത്.
കേരള – തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മാറി താമസിക്കേണ്ട സാഹചര്യമുണ്ടായാൽ ഉടൻ മാറിത്താമസിക്കണം. വള്ളവും വലയും ഉൾപ്പെടെയുള്ളവ സുരക്ഷിതമാക്കണം. അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."