ലോക്കോ പൈലറ്റുമാരുടെ സമരം: പന്ത്രണ്ടാം ദിനത്തിലും മുഖംതിരിച്ച് റെയില്‍വേ
കോഴിക്കോട്: ദക്ഷിണറെയില്‍വേയിലെ ലോക്കോ പൈലറ്റുമാരുടെ സമരത്തിന് നേരെ മുഖംതിരിച്ച് റെയില്‍വേ.
സമരം 11 ദിവസം പിന്നിട്ടിട്ടും ഉന്നയിക്കുന്ന വിഷയങ്ങളോട് അനുകൂല തീരുമാനമെടുക്കാനോ ചര്‍ച്ച നടത്താനോ പോലും റെയില്‍വേ തയാറായിട്ടില്ലെന്ന് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് എല്‍.മണി 'സുപ്രഭാതം'ത്തോടു പറഞ്ഞു.
ട്രെയിന്‍ ഗതാഗതത്തിന് തടസം സൃഷ്ടിക്കാത്ത രീതിയിലാണ് സമരം തുടരുന്നതെങ്കിലും സ്ഥലം മാറ്റമുള്‍പ്പെടെയുള്ള പ്രതികാര നടപടികളും റെയില്‍വേ സ്വീകരിച്ചുതുടങ്ങിയ അവസ്ഥയാണുള്ളത്. സമരം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ അടുത്തദിവസം പുതുതായി ചുമതലയേറ്റ റെയില്‍വേ മന്ത്രിയ്ക്ക് മെമ്മോറാണ്ടം അയ്ക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ആഴ്ചയില്‍ 46 മണിക്കൂര്‍ അവധി വേണമെന്നതാണ് ആവശ്യം.
30 മണിക്കൂര്‍ മാത്രമേ അവധി ലഭിക്കുന്നുള്ളൂ. തുടര്‍ച്ചയായ നൈറ്റ് ഡ്യൂട്ടി രണ്ടാക്കി ചുരുക്കുക, 48 മണിക്കൂറിനകം ഹോം സ്റ്റേഷനില്‍ തിരിച്ചെത്തിക്കുക, പത്തുമണിക്കൂറില്‍ അധികം ജോലി പാടില്ല തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്.
യാത്രാ സര്‍വിസുകളെ ബാധിക്കാത്ത രീതിയിലാണ് ഇവരുടെ സംഘടന ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ സമരം തുടരുന്നത്.
സമരഭാഗമായി വാരാന്ത്യ അവധിയില്‍ പോകുന്ന ജീവനക്കാര്‍ 46 മണിക്കൂര്‍ കഴിഞ്ഞേ ജോലിയില്‍ പ്രവേശിക്കുന്നുള്ളൂ. ഇക്കാര്യം എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. 30 മണിക്കൂറാണ് വിശ്രമം അനുവദിക്കുന്നതെന്നാണ് പറയുന്നത്. അതേസമയം ഇതിന് ശേഷമുള്ള സമയം ജീവനക്കാര്‍ അവധിയായാണ് രേഖപ്പെടുത്തുന്നത്. ട്രെയിന്‍ സര്‍വിസ് മുടങ്ങാതെ നിശ്ചിത ശതമാനം ജീവനക്കാര്‍ മാത്രമാണ് ഇപ്രകാരം അവധിയെടുക്കുന്നതെന്നാണ് ലോക്കോപൈലറ്റുമാര്‍ പറയുന്നത്.
ജൂണ്‍ ഒന്നുമുതലാണ് സമരം ആരംഭിച്ചത്. ജോലിസമയം പത്ത് മണിക്കൂറാക്കി കുറയ്ക്കാനുള്ള റെയില്‍വേ ബോര്‍ഡ് ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങിയത്. ജോലി സമയം കുറയ്ക്കണമെന്നു വിവിധ കമ്മിറ്റികള്‍ സര്‍ക്കാറിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും ഒന്നും നടപ്പായില്ലെന്നാണിവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."