സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്ത്യന്‍ വോട്ടുകള്‍; സത്യം പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയ്യാര്‍: വെള്ളാപ്പള്ളി
തിരുവനന്തപുരം:താന്‍ മുന്നോട്ടുവെച്ചത് കേരളത്തിലെ സമൂഹ്യയാഥാര്‍ഥ്യങ്ങളാണെന്നും ഇതിന്റെ പേരില്‍ ചോര കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് മുന്നോട്ടുവരാമെന്നും രക്തസാക്ഷിയാകാന്‍ ഭയമില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അപ്രിയ സത്യങ്ങള്‍ പറയുന്നവരെ വെല്ലുവിളിച്ചാല്‍ വിലപ്പോവില്ലെന്ന് എസ്.എന്‍.ഡി.പി മുഖമാസിക യോഗനാദത്തിലെ മുഖ പ്രസംഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.
ഓരോ സമുദായത്തിന്റെയും സ്വാധീന മേഖലകളില്‍ അവരുടെ മതത്തില്‍പ്പെട്ടവരെ മുന്നണികള്‍ സ്ഥാനാര്‍ത്ഥികളാക്കി. തൃശൂരില്‍ ക്രൈസ്തവരുടെ വോട്ടുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്. കേരളത്തിലെ ഇടതു വലതു മുന്നണികളുടെയും അതിരുവിട്ട മുസ്‌ലിം പ്രീണനം കണ്ടപ്പോള്‍ ക്രൈസ്തവര്‍ ബി.ജെ.പിയെ രക്ഷകരായി കണ്ടു.
കേരളത്തില്‍ ഒഴിവുവന്ന 3 രാജ്യസഭാ സീറ്റുകളിലേക്ക് എല്‍.ഡി.എഫ് രണ്ട് മുസ് ലിംകളെയും യു.ഡി.എഫ് ഒരു ക്രിസ്ത്യാനിയേയും നോമിനേറ്റ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് താന്‍ ചെയ്ത പാതകമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുന്‍ഗണന മതത്തിനാണെന്നും ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുമ്പോള്‍ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാന്‍ ഇടത് വലത് മുന്നണികള്‍ക്ക് ധൈര്യമില്ലെന്നുമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തുടക്കം മുതല്‍ പാര്‍ട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സി.പി.എമ്മും സി.പി.ഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിച്ചു. തനിക്കെതിരെ കേസെടുക്കണമെന്നും ജയിലില്‍ അടയ്ക്കണമെന്നും പറഞ്ഞ മുസ്‌ളിം നേതാക്കള്‍ സ്വന്തം മതക്കാരുടെ അനീതികള്‍ക്കെതിരെ സൗമ്യ നിലപാടാണ് സ്വീകരിച്ചതെന്നും വെളളാപ്പളളി പറയുന്നു.
മറ്റുമതസ്ഥരിലെ മനസുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകള്‍ പരിഷ്‌കരിക്കാന്‍ മുസ്‌ലിം ലീഗിന്റെയും മുസ്‌ലിം സമുദായങ്ങളുടെ നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണമെന്നും ലേഖനത്തില്‍ എസ്എന്‍ഡിപി യോഗം നേതാവ് ആവശ്യപ്പെടുന്നു.കേരളത്തിലെ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വം വ്യക്തമാകാന്‍ സാമ്പത്തിക സര്‍വേ നടത്തണമെന്ന ആവശ്യം കൂടി മുന്നോട്ടു വച്ചാണ് വെളളാപ്പളളി ലേഖനം അവസാനിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും മുസ്‌ലിം ന്യൂനപക്ഷ പ്രീണനം നടത്തിയെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ വിവിധ മുസ്‌ലിം സംഘടനകള്‍ വെള്ളാപ്പള്ളിക്കെതിരെ രംഗത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."