തൃശൂരിലെ തോല്‍വി: കെ.പി.സി.സി ഉപസമിതി തെളിവെടുപ്പ് നാളെ
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ യു.ഡി.എഫിനുണ്ടായ തിരിച്ചടി പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച ഉപസമിതി നാളെ തെളിവെടുപ്പ് നടത്തും. രാവിലെ ഡി.സി.സി ഓഫിസില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി സമിതി അംഗങ്ങളായ കെ.സി ജോസഫ്, ടി. സിദ്ധിഖ്, ആര്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ ചര്‍ച്ച നടത്തും. ഉച്ച മുതല്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമുള്ള 14 ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുമായും സംസാരിക്കും.
ജില്ലയിലെ മറ്റു നേതാക്കളെ പിന്നീടായിരിക്കും കാണുക. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സംബന്ധിച്ച വിലയിരുത്തലുകളും പരാതികളും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കോ, ഉപസമിതിക്കോ രേഖാമൂലം എഴുതി നല്‍കാന്‍ പ്രവര്‍ത്തകര്‍ക്ക് അവസരമുണ്ട്. ഇവരെ നാളത്തെ സിറ്റിങ്ങില്‍ നേരില്‍ കാണില്ലെന്ന് പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ എം.പി വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പും ചേലക്കര തെരഞ്ഞെടുപ്പുമാണ് പാര്‍ട്ടിക്ക് മുന്നിലുള്ള പ്രധാന അജന്‍ഡകള്‍. തോല്‍വി സംബന്ധിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനകം ഇവ നീക്കം ചെയ്തില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. പാര്‍ട്ടിക്കെതിരേ പരസ്യപ്രചാരണം നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നത് ഏത് മുതിര്‍ന്ന നേതാവായാലും നടപടിയുണ്ടാകും. അച്ചടക്ക രാഹിത്യം കോണ്‍ഗ്രസില്‍ അനുവദിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കായി മുന്‍ ജില്ലാ പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി, മുന്‍ എം.എല്‍.എ അനില്‍ അക്കര എന്നിവര്‍ കണ്‍വീനര്‍മാരായി ഉപസമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."