എന്തും വില്‍ക്കാം വാങ്ങുകയും ചെയ്യാം; മണ്ണഞ്ചേരിയില്‍ തുറന്ന ചന്ത വരുന്നു
മണ്ണഞ്ചേരി : നാട്ടുകാരുടെ സഹകരണത്തോട് മണ്ണഞ്ചേരിയില്‍ തുറന്ന ചന്ത പ്രവര്‍ത്തനം ആരംഭിക്കുന്നു. ബഹുജനങ്ങള്‍ക്ക് എന്തും വില്‍ക്കാനും വാങ്ങാനുമുള്ള അവസരമാണ് തുറന്ന ചന്തയിലൂടെ സംഘാടകര്‍ ലക്ഷ്യംവയ്ക്കുന്നത്. വ്യാപാരി വ്യവസായി സമിതിയാണ് ചന്തയ്ക്ക് നേതൃത്വം നല്‍കുന്നത്.
പഞ്ചായത്തിന്റെ സഹകരണവും ചന്തയുടെ പ്രവര്‍ത്തനത്തിനുണ്ടാകും. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് ചുമതലക്കാരുടെ ശ്രമം. വാഹനങ്ങള്‍ മുതല്‍ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍വരെ എന്തും ചന്തയില്‍ വില്‍ക്കാനും വാങ്ങാനും കഴിയും. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വള്ളക്കടവിലാണ് പുതിയശൈലിയുമായുള്ള ഓപ്പണ്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. കര്‍ഷകര്‍ക്ക് അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരന്റെ പ്രഹരമേല്‍ക്കാതെ വില്‍ക്കാനുള്ള അവസരം ഏറെ പ്രയോജനകരമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മണ്ണഞ്ചേരി പഞ്ചായത്ത് ഇത്തവണത്തെ പദ്ധതിപ്രഖ്യാപനത്തില്‍ കാര്‍ഷികമേഖലയില്‍ വലിയപ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്.തരിശുരഹിത പഞ്ചായത്തായി ഇക്കുറി മണ്ണഞ്ചേരിയെ മാറ്റാനാണ് പഞ്ചായത്ത് സമിതിയുടെ ശ്രമം. മുന്‍കാലങ്ങളില്‍ പലപ്പോഴായി കാര്‍ഷികമേഖലയിലെ കുതിപ്പിനുതകുന്ന പദ്ധതികള്‍ മണ്ണഞ്ചേരിയില്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ പലകാരണങ്ങളാലും ഉദ്യേശിച്ചതരത്തിലുള്ള ഫലം കൈവന്നിരുന്നില്ല.
ഈ കുറവ് പരിഹരിക്കാന്‍ പുതിയതായി തുറക്കുന്ന ചന്തയിലൂടെ കഴിയുമെന്നാണ് പഞ്ചായത്ത് അധികൃതരുടേയും കണക്കുകൂട്ടല്‍. നാട്ടിലെ കര്‍ഷകര്‍ക്കും മറ്റുള്ള കുടില്‍വ്യവസായം നടത്തുന്നവര്‍ക്കും അവരുടെ ഉല്‍പ്പന്ന നിര്‍മ്മാണം ആശങ്കയില്ലാതെ നടത്താനും കൈമാറ്റം ചെയ്യാനും കഴിയുന്നതോടെ പ്രാദേശികഉല്‍പ്പാദനം വര്‍ദ്ധിക്കുമെന്നാണ് സംഘാടകരുടെ വിശ്വാസം.
ഏതുപ്രദേശത്തുള്ളവര്‍ക്കും മാര്‍ക്കറ്റിലെത്തി കച്ചവടത്തിലേര്‍പ്പെടാനും അവസരമുണ്ടാകും. കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനൊപ്പം കൈമാറ്റരീതിയും ഈ ചന്തയിലുണ്ടാകും. പച്ചക്കറിയുമായെത്തുന്നവര്‍ക്ക് അതുനല്‍കി മത്സ്യമോ മാംസ്യമോ മറ്റുസാധനങ്ങളോ വാങ്ങാനും കഴിയുന്നതരത്തിലാകും ചന്തയുടെപ്രവര്‍ത്തനം സജ്ജമാക്കുക. വിഷരഹിതവും വിശ്വാസപ്രദവുമായ വ്യാപാരവ്യവസ്ഥയാകും ഇതീലൂടെ ഉയര്‍ന്നുവരുക.പഴയകാല ഓര്‍മ്മകള്‍ ഈ കൈമാറ്റവ്യവസ്ഥയിലൂടെ പുതിയതലമുറക്ക് മണ്ണഞ്ചേരിയില്‍ ഓര്‍മ്മപ്പെടുത്തും ഇതിലൂടെ കഴിയും.ഒപ്പം നാട്ടില്‍ ഉല്‍പ്പാദന- വിപണനമേഖലയില്‍ പുതിയൊരുണര്‍വ്വുണ്ടാകുമെന്നാണ് വ്യാപാരിസമിതിയുടേയും പഞ്ചായത്തിന്റെയും പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."