'ഒരു ദിവസം മുന്‍പ് ചോദ്യപേപ്പര്‍ കിട്ടി' നീറ്റ് പരീക്ഷ ക്രമക്കേടില്‍ അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മൊഴി
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായി നീറ്റിന്റെ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെ മൊഴി. പരീക്ഷക്ക് മുമ്പു തന്നെ ചോദ്യപേപ്പര്‍ ലഭിച്ചതായാണ് വിദ്യാര്‍ഥി മൊഴി നല്‍കിയിരിക്കുന്നത്. ബിഹാറില്‍ അറസ്റ്റിലായ അനുരാഗ് യാദവിന്റേതാണ് മൊഴി.
നീറ്റ് പരീക്ഷക്ക് ലഭിച്ച ചോദ്യപേപ്പറുമായി സാമ്യമുള്ളതാണ് തനിക്ക് ചോര്‍ന്നു കിട്ടിയ ചോദ്യപേപ്പറെന്ന് വിദ്യാര്‍ഥി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാറിലെ ധാന്‍പൂര്‍ ടൗണ്‍ കൗണ്‍സിലിലെ എന്‍ജിനീയറിന്റെ ബന്ധുവാണ് വിദ്യാര്‍ഥിയാണ്. തന്റെ ബന്ധുവായ സിക്കന്തര്‍ പ്രസാദ് യാദവേന്ദു തനിക്ക് എങ്ങനെയാണ് ചോദ്യപ്പേപ്പര്‍ സംഘടിപ്പിച്ച് തന്നതെന്ന് വിദ്യാര്‍ഥി പൊലിസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നീറ്റ് ക്രമക്കേടുമായ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം നടക്കുയാണ്. നീറ്റുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനിടെ വിഷയത്തില്‍ ബിഹാര്‍ പൊലിസില്‍ നിന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായിരുന്നു. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ പൊലിസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകള്‍ കണ്ടെത്തിയത്. ചോദ്യ പേപ്പര്‍ ആവശ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 30 ലക്ഷം രൂപ മാഫിയയ്ക്ക് നല്‍കിയതായി സംശയിക്കുന്ന 6 പോസ്റ്റ്‌ഡേറ്റഡ് ചെക്കുകള്‍ ബീഹാര്‍ പൊലിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയില്‍ കണ്ടെത്തിയത്. ചോദ്യ പേപ്പറുകള്‍ക്കായി തങ്ങളുടെ രക്ഷിതാക്കള്‍ 30 ലക്ഷത്തിലധികം രൂപ നല്‍കിയതായി ഉദ്യോഗാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് നടത്തിപ്പിലെ ക്രമക്കേടുകളും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും ചൂണ്ടിക്കാട്ടിയുള്ള പുതിയ ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിന് നോട്ടിസും അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."