ദുബൈയിലുള്ള ഇന്ത്യൻ വ്യവസായിയുടെ നാല് സ്ഥാപനത്തിൽ ഒരേസമയം വൻതട്ടിപ്പ്; നഷ്ടപ്പെട്ടത് കോടികൾ, ഞെട്ടൽ മാറാതെ വ്യവസായി
ദുബൈ: ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായിയുടെ നാല് ബിസിനസ്സ് സംരംഭങ്ങൾ ദിവസങ്ങൾക്കുള്ളിൽ വമ്പൻ തട്ടിപ്പിനിരയായി. സീരിയൽ തട്ടിപ്പുകാരുടെ തട്ടിപ്പിൽ മൊത്തം 1.8 മില്യൺ ദിർഹത്തിൻ്റെ (നാല് കോടിയിലേറെ ഇന്ത്യൻ രൂപ) നഷ്ടമാണ് ഉണ്ടായത്. മിർസ ഇലിയാസ് ബെയ്ഗ് എന്ന ഇന്ത്യയിൽ നിന്നുള്ള ബിസിനസ്മാൻ ആണ് വമ്പൻ നഷ്ടത്തിൽ ഞെട്ടിയിരിക്കുന്നത്.
ഇവോണ്ട് (Iveond) കൺസൾട്ടൻസി, ഐ.ആർ.എ ട്രാവൽ ആൻഡ് ടൂറിസം, ഭക്ഷ്യവസ്തുക്കളിലും നിർമ്മാണ സാമഗ്രികളിലും ഡിവിഷനുകളുള്ള ഒരു ജനറൽ ട്രേഡിംഗ് കമ്പനി എന്നിങ്ങനെയുള്ള നാല് സ്ഥാപനങ്ങളിലാണ് തട്ടിപ്പ് നടന്നത്. മിർസ ഇലിയാസിൻ്റെ അഭിപ്രായത്തിൽ, ലാപ്‌ടോപ്പുകൾ, എൽഇഡി ടിവികൾ, ഹാർഡ് ഡിസ്‌കുകൾ എന്നിവ വിതരണം ചെയ്യുന്ന ഇവോണ്ട് കൺസൾട്ടൻസിക്ക് 958,970 ദിർഹത്തിൻ്റെ ഗണ്യമായ നഷ്ടം നേരിട്ടു. ഐ.ആർ.എ ട്രാവൽ ആൻഡ് ടൂറിസത്തിന് 648,000 ദിർഹം നഷ്ടമായി. ഉള്ളിയും സാനിറ്ററി വെയറുകളും വിതരണം ചെയ്ത ഐ.ആർ.എ ജനറൽ ട്രേഡിംഗ് ആൻഡ് ഫുഡ്‌സ്റ്റഫിന് 200,315 ദിർഹം നഷ്ടമായി.
അഞ്ച് തട്ടിക്കൂട്ട് കമ്പനികൾ വഴിയാണ് തട്ടിപ്പ് നടത്തിയത്. പണമില്ലാത്ത ബാങ്ക് അക്കൗണ്ടുകളുടെ പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങി വഞ്ചിക്കുന്നതായിരുന്നു കമ്പനികളുടെ രീതി. ഡിജിറ്റൽ ജീനിയസ് ടെക്നോളജീസ്, ഡെമോ ഇൻ്റർനാഷണൽ, നൂർ അൽ സിദ്ര ട്രേഡിംഗ്, ഫെയർ വേഡ്സ് ഗുഡ്സ് ട്രേഡിംഗ്, വഹത് അൽ റയാൻ ട്രേഡിംഗ് എന്നീ തട്ടിപ്പ് സ്ഥാപനങ്ങളാണ് മിർസ ഇലിയാസിന്റെ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് പിന്നാലെ ഈ സ്ഥാപനങ്ങൾ അപ്രത്യക്ഷമായി. മിർസ ഇലിയാസ് മാത്രമല്ല ഇവരുടെ തട്ടിപ്പിന് ഇരയായത് എന്നാണ് വിവരം.
'ഞാൻ തകർന്നുപോയി. ഇത് യാഥാർത്ഥ്യമാണ്. എനിക്ക് വ്യത്യസ്ത മേഖലകളിൽ നാല് ബിസിനസുകളുണ്ട്, എന്നിട്ടും അവയെല്ലാം തട്ടിപ്പിനിരയായി. ഈ നഷ്ടങ്ങളിൽ നിന്ന് എനിക്ക് എങ്ങനെ കരകയറാൻ കഴിയുമെന്ന് എനിക്കറിയില്ല' മിർസ ഇലിയാസ് പറയുന്നു.
319,000 ദിർഹം വിലയുള്ള ഫ്ലൈറ്റ് ടിക്കറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യാൻ ഡിജിറ്റൽ ജീനിയസ് ടെക്നോളജീസ് ഐആർഎ ട്രാവൽ ആൻഡ് ടൂറിസത്തെ സമീപിച്ചതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. ലണ്ടൻ, ടൊറൻ്റോ, ലോസ് ഏഞ്ചൽസ്, ഇസ്താംബുൾ, കൊൽക്കത്ത, ക്വാലാലംപൂർ തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ ഉൾപ്പെടെ 139 ഓർഡറുകളാണ് തട്ടിപ്പ് സ്ഥാപനം നൽകിയത്. പഞ്ചനക്ഷത്ര ഹോട്ടൽ, ഡെസേർട്ട് സഫാരി, അറ്റ്ലാൻ്റിസ് അക്വാവെഞ്ചർ, ബുർജ് ഖലീഫ സന്ദർശനം തുടങ്ങിയവയും ബുക്കിംഗിൽ ഉൾപ്പെടുന്നു.
ഡിജിറ്റൽ ജീനിയസ് 15, 30 അല്ലെങ്കിൽ 31 തീയതികളിലായി മാറാവുന്ന ചെക്കുകളാണ് നൽകിയത്. ഓരോ ചെക്കിനും 30 മുതൽ 45 ദിവസം വരെ ക്രെഡിറ്റ് പിരീഡ് നൽകിയിരുന്നു, 200,000 ദിർഹത്തിൻ്റെ സെക്യൂരിറ്റി ചെക്ക് നൽകിയപ്പോൾ, ബിസിനസ്സ് പുരോഗമിച്ചുവെന്ന് മിർസ ഇലിയാസ് കരുതി. പക്ഷെ നടക്കുന്നത് തട്ടിപ്പ് ആണെന്ന് അറിയാൻ കുറച്ച് ദിവസം കൂടി വേണ്ടിവന്നു.
ലഭിച്ച എല്ലാ പോസ്റ്റ്-ഡേറ്റഡ് ചെക്കുകളിൽ നിന്നും 92,979 ദിർഹം വിലയുള്ള ഒരെണ്ണം മാത്രമാണ് മാറ്റിയെടുക്കാനായത്. ബാക്കിയുള്ളവ എല്ലാം മടങ്ങി.
ഇതേസമയം മറ്റു സ്ഥാപനങ്ങളിലും തട്ടിപ്പ് തുടങ്ങിയിരുന്നു. തട്ടിപ്പ് കമ്പനി 40 സാംസങ് സ്ക്രീനുകൾ, 100 ടാബ്‌ലെറ്റുകൾ, 200 എയർപോഡുകൾ, 40 ഡിജിറ്റൽ ക്യാമറകൾ, 20 പ്രൊജക്ടറുകൾ, 100 റൂട്ടറുകൾ, 30 മാക്ബുക്കുകൾ എന്നിവയും തട്ടിപ്പ് സംഘം കൊണ്ടുപോയിരുന്നു. ഏകദേശം 772,800 ദിർഹം വിലമതിക്കുന്നവയാണ്.
സംഭവത്തിൽ, മിർസ ഇലിയാസ് ബെയ്ഗ് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. ഇപ്പോൾ താൻ തൻ്റെ ബിസിനസ്സിൻ്റെ ഭാവിയെക്കുറിച്ച് ആലോചിക്കുകയാണ്. ഇത് വലിയ സാമ്പത്തിക ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരുപക്ഷെ എനിക്ക് എൻ്റെ ഒരു ബിസിനസ്സ് അവസാനിപ്പിക്കേണ്ടി വന്നേക്കാം. അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."