ജി.എസ്.ടി വകുപ്പില്‍ സ്വത്ത് സമ്പാദനം; വിജിലന്‍സ് അന്വേഷണം ഉന്നതരിലേക്ക്
കൊച്ചി: കോടികള്‍ സമ്പാദിച്ച ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സിന്റെ കുരുക്ക് മുറുകുന്നു. മെയ് 31ന് വിരമിച്ച മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ എസ്.വി.ശിശിറിനെതിരേ കഴിഞ്ഞ ദിവസം പ്രത്യേക വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 20 കോടിയിലേറെ രൂപ സമ്പാദിച്ചു എന്ന പരാതിയിലാണ് അന്വേഷണം.
പിഴത്തുക ഇളവ് ചെയ്യാന്‍ പത്ത് ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റി എന്ന കേസിലായിരുന്നു അന്വേഷണമെങ്കിലും വകുപ്പിലെ സ്ഥലം മാറ്റമുള്‍പ്പെടെ കൈക്കൂലി വാങ്ങിയതടക്കമുള്ള നിരവധി കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്. ഭരണപക്ഷ പിന്‍ബലത്തില്‍ ഉന്നതര്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇദ്ദേഹത്തെ കൂടാതെ നാല് ഉന്നതര്‍ക്കെതിരേയാണ് ആരോപണം ഉയര്‍ന്നത്. ഇവരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന. ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റം വിവാദമായിരുന്നു. വന്‍തുക കൈക്കൂലി കൈപ്പറ്റിയാണ് ട്രാന്‍സ്ഫറുകള്‍ തരപ്പെടുത്തിയത്. സ്ഥലംമാറ്റത്തിനെതിരേ ജീവനക്കാര്‍ കോടതിയെയും സമീപിച്ചിരുന്നു.
2024ലെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഡേറ്റ ബെയ്‌സ് ലിങ്ക് തയാറാക്കി നടപ്പാക്കുന്നതുവരെ ജനറല്‍ ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥലം മാറ്റങ്ങളും സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നേരത്തെ പുറപ്പെടുവിച്ച വിധിയും ഉന്നതസംഘത്തിന് തിരിച്ചടിയായിരുന്നു.
ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് സി.പി.ഐയുടെ തൊഴിലാളി സംഘടനയായ കേരള ജി.എസ്.ടി എംപ്ലോയീസ് കൗണ്‍സിലാണ് ട്രൈബ്യൂണലിനെ സമീപിച്ചതെന്നതും ശ്രദ്ധേയമായിരുന്നു. ആശ്രിത നിയമനത്തില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ശിശിറിന്റെ സാമ്പത്തികവളര്‍ച്ച സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ഗുരുവായൂരില്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലും ശിശിര്‍ ജോലി ചെയ്തിരുന്നു. പല സര്‍ക്കാര്‍ പരിപാടികള്‍ക്കും സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനും ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. കേരളീയം, നവകേരള സദസ് എന്നിവയും ഇതില്‍ ഉള്‍പ്പെടും.
ജി.എസ്.ടി അഡീഷനല്‍ കമ്മിഷണര്‍ എബ്രഹാം റെന്നിനായിരുന്നു കേരളീയം സ്‌പോണ്‍സര്‍ഷിപ്പിന്റെ പ്രധാന ചുമതല. ഇദ്ദേഹത്തിന്റെ വലം കൈയായി പ്രവര്‍ത്തിച്ചത് ശിശിര്‍ ആയിരുന്നു. ഇയാളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചും സംശയം ഉയര്‍ന്നിരുന്നു. സമഗ്ര അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."