നഴ്‌സിങ്, തൊഴിലാണ് സേവനവും; പഠനവും കരിയര്‍ സാധ്യതകളുമറിയാം
പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]
ആരോഗ്യപരിപാലന മേഖലയുടെ പ്രധാന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണല്ലോ. ഈ രംഗത്ത് ഏറെ പ്രാധാന്യവും സാധ്യതയുമുള്ള മേഖലയാണ് നഴ്‌സിങ്. കേവലമൊരു തൊഴില്‍ എന്നതിലുപരി പരിപാവനമായ സേവന പ്രവര്‍ത്തനമായി കാണുന്നവര്‍ക്കാണ് ഈ മേഖലയില്‍ ശോഭിക്കാന്‍ സാധിക്കുക. ക്ഷമ, സഹനം, കഠിനാധ്വാനം, ആശയ വിനിമയ വൈദഗ്ധ്യം, ആഴത്തിലുള്ള അറിവ് തുടങ്ങിയ ഘടകങ്ങളും അവശ്യമാണ്. വിവിധ നഴ്‌സിങ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ചെറിയ ക്ലിനിക്കുകള്‍ മുതല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ വരെ മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വിദേശ രാജ്യങ്ങളിലും മികച്ച അവസരങ്ങളുണ്ട്. പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വിവിധ നഴ്‌സിങ് കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരമാണിപ്പോള്‍.
ഏറെ സവിശേഷമായ ഈ മേഖലയിലെ പ്രധാന കോഴ്‌സുകളെ പരിചയപ്പെടാം.
ഓക്‌സിലറി നഴ്‌സ് ആന്‍ഡ് മിഡ് വൈഫ്‌സ് (ANM)
നഴ്‌സിങ് മേഖലയിലെ അടിസ്ഥാന കോഴ്‌സ് എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടുവര്‍ഷ പ്രോഗ്രാമാണിത്. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, കാസര്‍കോട് ജില്ലകളിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് (ജെ.പി.എച്ച്.എന്‍) സെന്ററുകളിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ആകെ 120 സീറ്റുകള്‍. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. പ്ലസ്ടുവാണ് യോഗ്യത. മലയാളം എഴുതാനും വായിക്കാനും കഴിയണം. അപേക്ഷകര്‍ക്ക് 2024 ഡിസംബര്‍ 31ന് 17 വയസില്‍ കുറയുവാനോ 35 വയസ്സില്‍ കൂടുവാനോ പാടില്ല. എസ്.ഇ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്ന് വയസും പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ച് വയസും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
500 രൂപ പ്രതിമാസ സ്‌റ്റൈപന്റ് ലഭിക്കും. തിരുവനന്തപുരം (തൈക്കാട്) സെന്ററില്‍ പട്ടിക വിഭാഗക്കാര്‍ക്ക് മാത്രമാണ് പ്രവേശനം. ഓരോ സെന്ററിനും അനുവദിച്ചിട്ടുള്ള സീറ്റുകളും ഏതെല്ലാം ജില്ലകളില്‍നിന്നുള്ളവരാണ് അപേക്ഷിക്കേണ്ടതെന്നും പ്രോസ്പക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകള്‍ അതത് ജില്ലകള്‍ക്ക് അനുവദിച്ചിട്ടുള്ള സെന്ററിലാണ് സമര്‍പ്പിക്കേണ്ടത്.
ഈ വര്‍ഷത്തെ അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ് (dhs.kerala.gov.in). അപേക്ഷാഫീസ് 200 രൂപ. പട്ടിക വിഭാഗക്കാര്‍ക്ക് 75 രൂപയും. അപേക്ഷ ജൂലൈ 6ന് വൈകുന്നേരം 5 മണിക്കകം ബന്ധപ്പെട്ട ജെ.പി.എച്ച്.എന്‍ സെന്ററിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.
ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി (GNM)
പ്ലസ്ടുവില്‍ സയന്‍സ് വിഷയങ്ങള്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) പഠിച്ച് 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. പട്ടികവിഭാഗക്കാര്‍ പരീക്ഷ ജയിച്ചാല്‍ മതി. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന് സയന്‍സ് വിദ്യാര്‍ഥികളുടെ അഭാവത്തില്‍ മറ്റു സ്ട്രീമുകാരെയും പരിഗണിക്കും. പ്ലസ്ടുവിന് ശേഷം എ.എന്‍.എം കോഴ്‌സ് പൂര്‍ത്തിയാക്കിയ രജിസ്റ്റേര്‍ഡ് എ.എന്‍.എം നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം.കേരളത്തിലെ വിവിധ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളിലേക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.ആകെ 485 സീറ്റുകളുണ്ട്. അപേക്ഷകര്‍ക്ക് 2024 ഡിസംബര്‍ 31ന് 17 വയസ് തികഞ്ഞിരിക്കണം. 35 വയസാണ് ഉയര്‍ന്ന പ്രായപരിധി. പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്നു വയസും പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ച് വയസും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്. ഓരോ സെന്ററുകളിലും ഇരുപത് ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കുള്ളതാണ്. അവരുടെ അഭാവത്തില്‍ സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കും. മാസം 700രൂപ സ്‌റ്റൈപന്റ് ലഭിക്കും. 6 മാസത്തെ ഇന്റേണ്‍ഷിപ്പ് പിരീഡില്‍ 2000 രൂപയും. ഈ വര്‍ഷത്തെ അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ് (dhs.kerala.gov.in).
അപേക്ഷാഫീസ് 250 രൂപ. പട്ടിക വിഭാഗങ്ങള്‍ക്ക് 75 രൂപയും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 6 വൈകുന്നേരം 5 മണിക്കകം പ്രവേശനം ആഗ്രഹിക്കുന്ന നഴ്‌സിങ് സ്‌കൂളില്‍ സമര്‍പ്പിക്കണം. ഏതെങ്കിലും ഒരു ജില്ലയില്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ്
അംഗീകൃത ജി.എന്‍.എം കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് നഴ്‌സിങ് ബിരുദം (ബി.എസ്.സി നഴ്‌സിങ്) നേടാനുള്ള അവസരമാണ് പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് എന്ന രണ്ടു വര്‍ഷ പ്രോഗ്രാം. പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രതീക്ഷിക്കാം. വെബ്‌സൈറ്റ്: www.lbscetnre.kerala.gov.in
ബി.എസ്.സി നഴ്‌സിങ്
പ്ലസ്ടു സയന്‍സ് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) പഠനമാണ് ഈ ബിരുദ പ്രോഗ്രാമിന്റെ യോഗ്യത. ഒരു വര്‍ഷത്തെ പ്രായോഗിക പരിശീലന മുള്‍പ്പടെ നാല് വര്‍ഷമാണ് കോഴ്‌സ്. വിവിധ സ്ഥാപനങ്ങളിലെ പ്രവേശന രീതികള്‍ വ്യത്യസ്തമാണ്. കേരളത്തില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.വെബ് സൈറ്റ്: www.lbscetnre.Kerala.gov.in.
സര്‍ക്കാര്‍ നഴ്‌സിങ് കോളജുകള്‍, സര്‍ക്കാര്‍ കണ്‍ട്രോള്‍ഡ് / പ്രൈവറ്റ് സെല്‍ഫ് ഫൈനാന്‍സിങ് നഴ്‌സിങ് കോളജുകള്‍ എന്നിവയിലെ മെറിറ്റ് സീറ്റുകളുടെ പ്രവേശനമാണ് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്.
ഈ വര്‍ഷത്തെ അപേക്ഷാ സമയം കഴിഞ്ഞു. സ്വാശ്രയ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രത്യേകം അപേക്ഷ നല്‍കണം. കേരള സര്‍ക്കാറിന്റെ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (CPAS) ന്റെ കീഴിലെ സ്വാശ്രയ സ്ഥാപനമായ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (www.cpas.ac.in അപേക്ഷാ സമയം കഴിഞ്ഞു), പ്രൈവറ്റ് നഴ്‌സിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് കേരള (PNCMAK) യില്‍ അംഗത്വമുള്ള നഴ്‌സിങ് കോളജുകള്‍ (www.pncmak.in അപേക്ഷ ജൂലൈ 17 വരെ ), അസോസിയേഷന്‍ ഓഫ് ദ മാനേജ്‌മെന്റ്‌സ് ഓഫ് ക്രിസ്ത്യന്‍ സെല്‍ഫ് ഫിനാന്‍സിങ് നഴ്‌സിങ് കോളജസ് ഓഫ് കേരള (AMCSFNCK ) യില്‍ അംഗങ്ങളായ നഴ്‌സിങ് കോളജുകള്‍ (amcsfnck.com അപേക്ഷ ജൂലൈ 15 വരെ ) തുടങ്ങിയ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇത്തരം അസോസിയേഷനുകളില്‍ അംഗമല്ലാത്ത സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് നേരിട്ട് അപേക്ഷിച്ചാല്‍ മതി.
ദേശീയ സ്ഥാപനങ്ങളില്‍ പഠിക്കാം
പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (JIPMER) ല്‍ ബി.എസ് സി നഴ്‌സിംഗ് പ്രവേശനം നീറ്റ് യു.ജി സ്‌കോര്‍ പരിഗണിച്ചാണ്. നീറ്റ് എഴുതിയ കുട്ടികള്‍ വിജ്ഞാപനം വരുന്ന മുറയ്ക്ക് ജിപ്മറിന്റെ വെബ്‌സൈറ്റില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. (jipmer.edu.in). ഡോ. രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍ ന്യൂഡല്‍ഹി, ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജ് ന്യൂഡല്‍ഹി, രാജ്കുമാരി അമൃത് കൗര്‍ കോളജ് ന്യൂഡല്‍ഹി, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി വാരാണസി, സഫ്ദര്‍ ജംഗ് ഹോസ്പിറ്റല്‍ ന്യൂഡല്‍ഹി, ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ബി.എസ്.സി നഴ്‌സിങ് പ്രവേശനവും നീറ്റ് യു.ജി സ്‌കോറനുസരിച്ചാണ്. എം.സി.സി യുടെ അലോട്ട്‌മെന്റ് പ്രോസസ്സില്‍ പങ്കെടുത്ത് ഓപ്ഷന്‍ നല്‍കണം (www.mcc.nic.in).
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (NIMHANS) ബെംഗളൂരു (nimhans.ac.in അപേക്ഷാ സമയം കഴിഞ്ഞു), പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (PGIMER) ചണ്ഡീഗഡ് (pgimer.edu.in പെണ്‍കുട്ടികള്‍ക്ക് മാത്രം, അപേക്ഷ ജൂലൈ 5 വരെ) എന്നിവിടങ്ങളിലെ ബി.എസ്.സി നഴ്‌സിങ് പ്രവേശനവും പ്രത്യേക പരീക്ഷകള്‍ വഴിയാണ്. സി.യു.ഇ.ടി യു.ജി (CUET UG) വഴിയും ചില സ്ഥാപനങ്ങളില്‍ വിവിധ നഴ്‌സിങ് കോഴ്‌സുകള്‍ക്ക് പ്രവേശനം സാധ്യമാണ്.
ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS) ന്യൂഡല്‍ഹി, ഭുവനേശ്വര്‍, ഭോപ്പാല്‍, ദിയോഗര്‍, ജോധ്പൂര്‍, പട്‌ന, നാഗ്പൂര്‍, റായ്പ്പൂര്‍, ഋഷികേശ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നാല് വര്‍ഷത്തെ ബി.എസ്.സി ഓണേഴ്‌സ് നഴ്‌സിങ് പ്രോഗ്രാമുകളുണ്ട്. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് പൊതുപ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. ഈ വര്‍ഷത്തെ അപേക്ഷാ സമയം കഴിഞ്ഞു. വെബ്‌സൈറ്റ്: www.aiimsexams.ac.in
മിലിട്ടറി നഴ്‌സിങ്
ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വിസസ് (AFMS) നു കീഴിലുള്ള നഴ്‌സിങ് കോളജുകളില്‍ നാല് വര്‍ഷ ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പൂര്‍ണമായും സൗജന്യമായി പഠിക്കാം. സേനയുടെ വിവിധ നഴ്‌സിങ് കോളജുകളില്‍ 220 സീറ്റുകളുണ്ട്. പെണ്‍കുട്ടികള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അവിവാഹിതരായിരിക്കണം. 1999 ഒക്ടോബര്‍ ഒന്നിനും 2007 സെപ്റ്റംബര്‍ 30 നുമിടയില്‍ ജനിച്ചവരാകണം. നീറ്റ് യു.ജി സ്‌കോര്‍ പരിഗണിച്ചാണ് പ്രവേശനം. അപേക്ഷാഫീസ് 200 രൂപ. പട്ടിക വിഭാഗക്കാര്‍ക്ക് ഫീസില്ല.
കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് ഓഫ് ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ ഇംഗ്ലിഷ് (ToGIGE), സൈക്കോളജിക്കല്‍ അസസ്‌മെന്റ് ടെസ്റ്റ് (PAT), ഇന്റര്‍വ്യൂ എന്നിവയിലെ പ്രകടനം കൂടെ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. മെഡിക്കല്‍ ഫിറ്റ്‌നസും തെളിയിക്കേണ്ടതുണ്ട്. ഉടന്‍ വിജ്ഞാപനം പ്രതീക്ഷിക്കാം (www.joinindianarmy.nic.in ). കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സേനയില്‍ കമ്മിഷന്‍ഡ് റാങ്കോടെ നഴ്‌സാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."