വേർപെടുത്തല്‍ ശസ്ത്രക്രിയക്കായി ബുർക്കിനാ ഫാസോ സയാമിസ് ഇരട്ടകൾ റിയാദിലെത്തി
റിയാദ്:ബുർക്കിനാ ഫാസോയിലെ സയാമീസ് ഇരട്ടകളായ റസ്മാതാ, സവാഡോഗോ എന്നിവരെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്നാണ് ബുർക്കിനാ ഫാസോയിൽ നിന്ന് മെഡിക്കൽ ഇവാക്വേഷൻ വിമാനം വഴി മാതാവിനോടൊപ്പം പെൺകുട്ടികളായ സയാമീസ് ഇരട്ടകളെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്.
ഉടനെ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വരുംദിവസങ്ങളിൽ ഇരട്ടകളെ വേർപെടുത്താനുള്ള സാധ്യതാ പഠനങ്ങളും പരിശോധനകളും നടത്തും.
രാജ്യത്തിലെത്തിയതിന് ശേഷം ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഇരട്ടക്കുട്ടികളുടെ മാതാവ് സഊദി ഭരണകൂടത്തിനും ജനങ്ങൾക്കും നന്ദി പറഞ്ഞു. ദൈവത്തിലും മികച്ച മെഡിക്കൽ അനുഭവങ്ങളുള്ള സഊദി മെഡിക്കൽ സംഘത്തിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്നും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്മകൾ നേരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."