വികസനത്തിന് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക സെമിനാര്‍
കാക്കനാട്: ജില്ലയുടെ സമഗ്ര വികസനത്തിന് മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി സെമിനാര്‍ നടത്തി. സാമൂഹികാരോഗ്യം സംരക്ഷിക്കുന്നതിനും ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനുമുളള വിവിധ പദ്ധതികള്‍ക്ക് പ്രധാന്യം നല്‍കിയാണ് ജില്ലാ പഞ്ചായത്തിന്റെ കരട് വികസന രേഖ.
79.63 കോടിയുടെ വികസന ഫണ്ടും 94 കോടിയുടെ മെയിന്റനന്‍സ് സഹായവും വിനിയോഗിച്ചുള്ള പദ്ധതികളാണ് ഈ വര്‍ഷം നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഉല്‍പാദന മേഖലയ്ക്ക് 5.25 കോടിയും സേവന മേഖലയ്ക്ക് 29.96 കോടിയും പശ്ചാത്തല മേഖലയ്ക്ക് 35.41 കോടിയും നീക്കിവച്ചിട്ടുണ്ട്.
വനിതാ വ്യവസായ കേന്ദ്രം, മാതൃക കുടുംബശ്രീ വിപണന കേന്ദ്രം, ടൂറിസം, കുടിവെള്ള പദ്ധതികള്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, മൃഗ സംരക്ഷണം, അങ്കണവാടി വികസനം, വിദ്യാഭ്യാസ വികസനം, പട്ടിക വിഭാഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും കരട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പദ്ധതികള്‍ക്ക് അവസാന രൂപം നല്‍കി ജില്ലാ പഞ്ചായത്ത് അംഗീകരിച്ച ശേഷം ജില്ലാ ആസൂത്രണ സമിതിയുടെ പരിഗണനയ്ക്ക് വീടും.ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയ്ക്കു മുന്നോടിയായുള്ള വികസന സെമിനാര്‍ കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ ജനപങ്കാളിത്തത്തോടെയുള്ള വികസന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല ഇപ്പോള്‍ മാലിന്യ ഭീഷണിയിലാണ്.
ഇതിനു പരിഹാരമായി ശുചിത്വമിഷന്‍ നടപ്പിലാക്കുന്ന പരിപാടികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈകോര്‍ക്കണം. ഫോര്‍ട്ട് കൊച്ചിയിലെ ജനമുന്നേറ്റം ഇതിന് തെളിവാണ്. സെപ്റ്റിക്ക് ടാങ്കുകള്‍ നിറഞ്ഞു കവിയുന്ന മാലിന്യമാണ് ഇപ്പോഴത്തെ മറ്റൊരു ഭീഷണി. ഇതു നീക്കം ചെയ്യാന്‍ ജനകീയ പിന്തുണ ആവശ്യമാണ്.
പുഴകളെ മാലിന്യത്തില്‍ നിന്നു മുക്തമാക്കുക, വിഷരഹിതമായ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുക, ശാസ്ത്രീയമായ അറവുശാലകള്‍ നിര്‍മിക്കുക, അടുക്കളത്തോട്ടങ്ങളെ പ്രോത്‌സാഹിപ്പിക്കുക എന്നീ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഒരുലക്ഷം കറിവേപ്പിന്‍തൈകള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിനിര്‍ദേശം പ്രധാനമന്ത്രിയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രേഖ പ്രകാശനം ചെയ്ത പി. ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോളി കുര്യാക്കോസ്, വൈസ്. പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, സെക്രട്ടറി കെ. കെ. അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."