ഏറ്റവും നീളം കൂടിയ ബീച്ചിന് അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ; ദുബൈയിൽ വരാൻപോകുന്നത് പ്രത്യേകതകൾ ഏറെ നിറഞ്ഞ പബ്ലിക് ബീച്ച്
ദുബൈ: ദുബൈയിലെ ഏറ്റവും നീളം കൂടിയ ഓപ്പൺ പബ്ലിക് ബീച്ച് പദ്ധതിയ്ക്ക് അംഗീകാരം. ജബൽ അലി ബീച്ച് ഡെവലപ്‌മെൻ്റ് പ്രോജക്ടിൻ്റെ മാസ്റ്റർ പ്ലാനും ഡിസൈനുകളും അംഗീകരിച്ചതായി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം അറിയിച്ചു. ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക. ദുബൈയിൽ ആകെ ബീച്ചുകളുടെ നീളം 400% വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതിന്റെ ഭാഗം കൂടിയായാണ് ഏറ്റവും നീളം കൂടിയ ബീച്ച് എത്തുന്നത്.
ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ജബൽ അലി ബീച്ച്. പൂർത്തിയാകുമ്പോൾ, നീന്തലിനായി രണ്ട് കിലോമീറ്റർ തുറന്ന കടൽത്തീരം, 2.5 കിലോമീറ്റർ ഡൈവിംഗ് സ്‌പോർട്‌സ് ഏരിയ, മികച്ച വ്യൂ നൽകുന്ന ഒരു നടപ്പാത, എല്ലാ പ്രായത്തിലുമുള്ള ബീച്ച് യാത്രക്കാർക്കായി വിനോദ, സേവന മേഖലകൾ എന്നിവ ബീച്ചിൽ ഉണ്ടാകും.
ഓരോ ദിശയിലും രണ്ടുവരിപ്പാതയും 1000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. 80 സൈക്കിൾ റാക്കുകൾ, സൈക്ലിംഗ് ട്രാക്ക്, 5 കിലോമീറ്റർ റണ്ണിംഗ് ട്രാക്ക് എന്നിവയും ബീച്ചിന്റെ ഭാഗമാണ്. നഖീൽ വികസിപ്പിക്കുന്ന 5 കിലോമീറ്റർ മണൽ നിറഞ്ഞ ബീച്ചും ദുബൈ മുനിസിപ്പാലിറ്റി വികസിപ്പിക്കുന്ന 1.6 കിലോമീറ്റർ കണ്ടൽക്കാടും പദ്ധതിയിൽ ഉൾപ്പെടുമെന്ന് ഇൻഫ്രാസ്ട്രക്ചർ, അർബൻ പ്ലാനിംഗ്, വെൽ-ബീയിംഗ് പില്ലർ കമ്മീഷണർ ജനറൽ മാറ്റർ അൽ തായർ പറഞ്ഞു.
മൂന്ന് ഭാഗങ്ങൾ
ബീച്ചിൽ മൂന്ന് പ്രത്യേക സ്ഥലങ്ങളുണ്ടാകും. പാം ജബൽ അലിയുടെ പ്രവേശന കവാടത്തിനടുത്തായി വലതുവശത്താണ് ആദ്യ ലൊക്കേഷൻ, സ്ഥിതി ചെയ്യുന്നത്. 'പേൾ' (Pearl) എന്നാണ് ഈ ഭാഗത്തിന് നൽകുന്ന പേര്. ഫാമിലി ബീച്ച്, സ്‌പോർട്‌സ് ആക്‌റ്റിവിറ്റികൾ, സ്വിമ്മിംഗ് പൂൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയുന്ന ഈ ഭാഗം ബീച്ചിൻ്റെയും വിനോദ പ്രവർത്തനങ്ങളുടെയും പ്രധാന കേന്ദ്രമായിരിക്കും. 'പേൾ' ന് ഒരു ബീച്ച് ക്ലബ്ബും ഒരു കുളവും സ്വകാര്യ ബീച്ചും, നിരവധി റെസ്റ്റോറൻ്റുകൾ, കഫേകൾ, ഷോപ്പുകൾ, ഫ്ലോട്ടിംഗ് റെസ്റ്റോറൻ്റ് എന്നിവയും ഉണ്ടായിരിക്കും.
'സങ്കേതം' (Sanctuary) എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ സ്ഥലം ആമകളുടെ സങ്കേതമാണ്. ഒരേ സമയം വിനോദ-കായിക പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിനും ഈ പ്രദേശം ഏറ്റവും പ്രാധാന്യം നൽകുന്നു.
വിദ്യാഭ്യാസ സംരംഭങ്ങളുടെയും പരിസ്ഥിതി സംരക്ഷണത്തിൻ്റെയും ഇടകലർന്ന വിനോദ, വിദ്യാഭ്യാസ ലക്ഷ്യസ്ഥാനം പ്രദാനം ചെയ്യുന്ന മൂന്നാമത്തെ സ്ഥലമാണ് 'നെസ്റ്റ്' (Nest). കണ്ടൽക്കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന നെസ്റ്റ്, ജൈവവൈവിധ്യം, കടലാമ പുനരധിവാസം, പരിപാലന പരിപാടികൾ എന്നിവയെക്കുറിച്ചുള്ള പഠനത്തിനും അവബോധത്തിനുമുള്ള ഒരു പരിസ്ഥിതി കേന്ദ്രം കൂടിയാണ്.
അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നടപ്പിലാക്കാനും നഗരത്തിലെ ജീവിത നിലവാരം ഉയർത്താനും ബീച്ചുകൾ, തുറസ്സായ സ്ഥലങ്ങൾ, വിനോദ ഹരിത ഇടങ്ങൾ എന്നിവയുൾപ്പെടെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഒന്നിലധികം നഗര കേന്ദ്രങ്ങൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഷെയ്ഖ് ഹംദാൻ അറിയിച്ചു. താമസക്കാർക്കും സന്ദർശകർക്കും വേറിട്ട ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബൈ മാറുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."