റേഷൻ കടയടപ്പ് സമരം തുടരുന്നു; ദുരിതത്തിലായി ജനം
തിരുവനന്തപുരം: റേഷൻ മേഖലയോട് സർക്കാർ തുടരുന്ന അവഗണനക്കെതിരെ റേഷൻ വ്യാപാരികൾ നടത്തുന്ന സമരം ഇന്നും തുടരും. കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയടപ്പ് സമരമാണ് നടക്കുന്നത്. അതിനാൽ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം ഉണ്ടാകില്ല. കഴിഞ്ഞ ദിവസം മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം തുടരുന്നത്.
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് രാപകൽ സമരം നടക്കുന്നത്. ഇന്നലെ രാവിലെ എട്ടുമണിക്ക് തുടങ്ങിയ സമരം ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ അവസാനിപ്പിക്കും. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കിറ്റ് വിതരണം ചെയ്തിലെ കമ്മിഷൻ നൽകുക, കെടിപിഡിഎസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വെക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ടതോടെ റേഷൻ വിതരണം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. തുടർച്ചയായി നാല് ദിവസമണ് റേഷൻ കടകകൾ പ്രവർത്തിക്കാതെ അടഞ്ഞു കിടക്കുന്നത്. ജൂലൈയിലെ റേഷൻ വിതരണം സംസ്ഥാനത്ത് ഇതുവരേയും ആരംഭിച്ചിട്ടില്ല. എന്നാൽ, ആവശ്യങ്ങളിൽ സർക്കാർ തീരുമാനമാക്കിയില്ലെങ്കിൽ റേഷൻ കടകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സമരത്തിലേക്ക് പോകാനാണ് റേഷൻ വ്യാപാരികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."