ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച എന്‍.ഐ.ടി അധ്യാപിക വീണ്ടും വിവാദത്തത്തില്‍; ഇത്തവണ വെട്ടിലായത് കലാപാഹ്വാന സന്ദേശം ഫോര്‍വേഡ് ചെയ്തതിന്
കോഴിക്കോട്: ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് വിവാദത്തിലായ എന്‍.ഐ.ടി അധ്യാപിക പ്രൊഫ. ഷൈജ ആണ്ടവന്‍ വീണ്ടും വിവാദത്തില്‍. കലാപാഹ്വാന സന്ദേശം ഫോര്‍വേഡ് ചെയ്തതിനാണ് ഷൈജ ആണ്ടവന്‍ ഇത്തവണ വെട്ടിലായിരിക്കുന്നത്. ഒരു പൂര്‍വ്വ വിദ്യാര്‍ഥി അവര്‍ക്കയച്ച സന്ദേശമാണ് ഷൈജ ആണ്ടവന്‍ ഫോര്‍വേഡ് ചെയ്തത്. ഇവര്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഡയറക്ടര്‍, രജിസ്ട്രാര്‍ തുടങ്ങിയവര്‍ക്കും അയച്ച ഇമെയില്‍ സന്ദേശമാണ് വിവാദമായത്.
സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീയെ സമൂഹ മാധ്യമത്തില്‍ തെറി വിളിക്കുന്നത് നോക്കി നിന്ന എന്‍.ഐ.ടി യിലെ വിദ്യാര്‍ത്ഥികളുടെ കൈയ്യും കാലും വെട്ടി പട്ടിക്ക് ഇട്ട് കൊടുക്കണം എന്നതാണ് സന്ദേശം. അജിന്‍ എന്നാണ് അയച്ച വിദ്യാര്‍ഥിയുടെ പേര്.
ഷൈജ ആണ്ടവന്റെ ക്ലാസുകളെ പുകഴ്ത്തുന്നതാണ് പൂര്‍വ വിദ്യാര്‍ഥിയുടെ സന്ദേശം. അവര്‍ ക്ലാസില്‍ രാഷ്ട്രീയം സംസാരിക്കാറില്ലെന്നും സ്വകാര്യ ജീവിതത്തില്‍ അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. തനിക്ക് പിന്തുണ അര്‍പ്പിച്ചുള്ള വിദ്യാര്‍ഥിയുടെ സന്ദേശത്തിന് പ്രഫസറുടെ മറുപടിയും ഇമെയിലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തന്റെ ജോലി പൂര്‍ണ ഉത്തരവാദിത്തത്തോടെയും രാഷ്ട്രീയ വേര്‍തിരിവില്ലാതെയും നിര്‍വഹിക്കുമെന്ന് തുടങ്ങുന്ന മറുപടിയില്‍, അധ്യാപകരെ അനാദരിക്കുകയും ഭീഷണിപ്പെടുത്തുകയും രാഷ്ട്രീയ ധ്രുവീകരണം സംഭവിക്കുകയും ചെയ്ത സംസ്ഥാനത്താണ് നാം ജീവിക്കുന്നതെന്ന് സൂചിപ്പിക്കുന്നു.
ഇക്കാര്യത്തില്‍ സ്ഥാപനത്തിലെ അധ്യാപകരെയടക്കം വിമര്‍ശിക്കുന്ന പ്രഫസറുടെ സന്ദേശത്തില്‍ പൂര്‍വ വിദ്യാര്‍ഥിയെ അഭിനന്ദിക്കുന്നുമുണ്ട്. സംഘ്പരിവാര്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന അധ്യാപകര്‍ക്കും സ്ഥാപന മേധാവികള്‍ക്കുമെതിരെ പ്രതികരിക്കുന്ന എന്‍.ഐ.ടി വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് സന്ദേശമെന്നാണ് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇമെയില്‍ സന്ദേശത്തിനെതിരെ പൊതുപ്രവര്‍ത്തകന്‍ ഷെരീഫ് മലയമ്മ കുന്ദമംഗലം പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."