ഗള്‍ഫില്‍ അവധിക്കാലം; കൊള്ളലാഭം കൊയ്ത് വിമാനകമ്പനികള്‍, യാത്രാനിരക്ക് കൂട്ടിയത് രണ്ടിരട്ടിയിലേറെ..
കരിപ്പൂര്‍: ഗള്‍ഫില്‍ സ്‌കൂളുകളുടെ അവധിക്കാലം ആരംഭിച്ചതോടെ കൊള്ളലാഭം കൊയത് വിമാനക്കമ്പനികള്‍. ടിക്കറ്റ് നിരക്ക് 200 ശതമാനത്തിലേറെയാണ് വര്‍ധിപ്പിച്ചത്. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് വിമാനകമ്പനികളുടെ നടപടി.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കുള്ള യാത്രാ നിരക്കില്‍ വന്‍മാറ്റമാണ് ഉണ്ടായിരിക്കുന്നത്.
ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് 12,000 രൂപയില്‍ താഴെയായിരുന്നത് നിലവില്‍ 41,864 രൂപയായാണ് വര്‍ധിച്ചത്. കൊച്ചിയിലേക്ക് 38,684 രൂപയും തിരുവനന്തപുരത്തേക്ക് 39,847 രൂപയും കണ്ണൂരിലേക്ക് 44,586 രൂപയുമാക്കി.
അബുദാബിയില്‍നിന്ന് 10,650 രൂപ ഉണ്ടായിരുന്നത് കോഴിക്കോട്ടേക്ക് 32,535 രൂപയും കൊച്ചിയിലേക്ക് 30,065 രൂപയുമാക്കി കൂട്ടി. തിരുവനന്തപുരത്തേക്ക് എത്തണമെങ്കില്‍ 28,091 രൂപയും കണ്ണൂരിലേക്ക് 34,805 രൂപയും കൊടുക്കണം.
ദുബായില്‍നിന്നുള്ള ടിക്കറ്റ് നിരക്കിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. 12,000 രൂപയുണ്ടായിരുന്നത് 29,600 മുതല്‍ 30,880 രൂപവരെയാണ് ഉയര്‍ത്തിയത്. ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് 8,000 രൂപയുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 30,000 മുതല്‍ 34,100 വരെ നല്‍കണം.
ഗള്‍ഫില്‍ സ്‌കൂളുകള്‍ അടയ്ക്കുന്നത് ജൂലായ് മാസത്തിലാണ്. ഓഗസ്റ്റ് ആദ്യ ആഴ്ചവരെ ഈ ഉയര്‍ന്ന നിരക്കാണ് കാണിക്കുന്നത്.
ഈ സമയത്താണ് പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നത്. ഈ സാഹചര്യം മുതലെടുത്താണ് വിമാനക്കമ്പനികള്‍ നിരക്ക് ഇരട്ടിയിലേറെ വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ സമയത്ത് നാട്ടിലെത്തുന്ന നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ശരാശരി ഒരു ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കില്‍ അധികമായി കണ്ടെത്തേണ്ടിവരും.
അവധിക്കാലം തീര്‍ന്ന് പ്രവാസികള്‍ തിരിച്ചുപോകാനിരിക്കുന്ന സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും സാധാരണനിലയില്‍ ടിക്കറ്റ് നിരക്ക് വലിയ തോതില്‍ ഉയര്‍ത്താറുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."