കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ : മുൻ എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ
കാലടി: കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിലും സാമൂഹ മാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ. മറ്റൂർ ശ്രീശങ്കര കോളജിലെ മുൻ വിദ്യാർഥിയും എസ്.എഫ്.ഐ. യൂനിറ്റ് സെക്രട്ടറിയുമായിരുന്ന രോഹിത്തിനെയാണ് പൊലിസ് പിടികൂടിയത്. മുമ്പ് പഠിച്ചിരുന്നവരടക്കം ഇരുപതോളം വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഇയാൾ ഇതേ തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് സംശയം. കോളജ് പഠനകാലത്ത് കാംപസിൽ വച്ച് പകർത്തിയ പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇയാൾ അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചിരുന്നത്.
ബിരുദ വിദ്യാർഥിനിയായ ഒരു പെൺകുട്ടിയുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നിൽ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കാംപസിലെ മുൻ വിദ്യാർഥി നേതാവായിരുന്ന രോഹിത് അറസ്റ്റിലായത്. കഴിഞ്ഞ കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന്റെ ചിത്രങ്ങൾ രോഹിത്ത് പകർത്തിയിരുന്നതായാണ് പറയുന്നത്. ഈ സമയത്ത് പെൺകുട്ടികളുടെ ചിത്രങ്ങളും പകർത്തി. ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കാപ്ഷനോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയായിരുന്നു.
വ്യാജ ഫേസ്ബുക്ക് ഐ.ഡി ഉപയോഗിച്ചാണ് പ്രതി ചിത്രങ്ങൾ അപ് ലോഡ് ചെയ്തിരുന്നത്. അശ്ലീല വെബ്‌സൈറ്റുകളിലും ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നതായും പറയുന്നു. ഇതേ തുടർന്ന് കോളജിലെ ഒരു വിദ്യാർഥിനി കാലടി പൊലിസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരേ എട്ട് പെൺകുട്ടികൾകൂടി സമാനപരാതിയുമായി വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."